മദ്ധ്യാഹ്ന വാർത്തകൾ 20261012 203950 0000

 

വോട്ട് ചോരി ആരോപണം ഉയർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ, ബാരിക്കേഡുകൾ നിരത്തി പൊലീസ് പ്രതിഷേധം തടഞ്ഞതോടെയാണ് രാജ്യ തലസ്ഥാനം വീണ്ടും സംഘർഷഭരിതമായത്.

 

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് അവസാനിച്ചു. വൈകുന്നേരം 4.32 ഓടെ ഓൺലൈൻ വഴി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വൻ ജനാവലിയുമായി സുപ്രീം കോടതിയുടെ പ്രദേശത്തേക്ക് രാഹുൽ മാർച്ച് നടത്തി. തുടർന്ന് ആറുമണിയോടെ ഇന്നത്തെ പ്രതിഷേധം സമാധാനപരമായി അവസാനിക്കുകയായിരുന്നു.

 

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്നത് വെവ്വേറെ സമരങ്ങളല്ലെന്നും, മറിച്ച് ഒറ്റക്കെട്ടായ ശക്തമായ പ്രതിഷേധമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യമിട്ടാണ് ഈ പ്രതിഷേധമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

 

സുപ്രീം കോടതിയി മാർച്ചിനിടെ ഗ്യാനേഷിനെതിരെ രാഹുൽ ഗാന്ധി ഹർജി നൽകി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്. എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.

 

 

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്‌ഐആർ.അധികാര ദുരുപയോഗം നടത്തി വ്യാജ ഇടപാടുകളിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

 

 

മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും. തന്‍റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.

 

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കേണ്ടെന്ന് പി എസ് സി തീരുമാനം. ഹൈക്കോടതി ഉത്തരവ് എതിരായാൽ അപ്പീൽ പോകും. ശ്യാം കൃഷ്ണന് പി എസ് സി നിയമന ശുപാർശ നൽകും. അരുൺ ജെ പ്രതാപിനെ പുറത്താക്കാൻ നോട്ടീസും നൽകും.

 

നൂറു ദിന കർമ്മപരിപാടിയിൽ വീഴ്ച വരുത്തിയതിൽ നടപടിയുമായി സർക്കാർ. മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. കുന്നത്തൂർ മിനി സിവിൽ സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയാക്കാത്തതിനാണ് നടപടി.

 

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നു. 2025-26 വർഷത്തെ ഏറ്റവും കൂടുതൽ നികുതി പിരിച്ച സ്ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമായെങ്കിലും കുടിശിക, കെട്ടിടങ്ങളുടെ എണ്ണം എന്നിവയിൽ വ്യക്തതയില്ല.

 

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് പി രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല. അത് അന്വേഷണ ഉദ്യോ​ഗസ്ഥൻ്റെ സ്വാതന്ത്ര്യം ആണെന്നും അതിലാണ് കോടതി കൈകടത്തിയതെന്നും പി രാജീവ് പറഞ്ഞു.

 

മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളുടെ ചെലവ് ആര് വഹിച്ചെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി. സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയിൽ നൽകിയത്. യുഡിഎഫ് സർക്കാർ വന്ന ശേഷം എട്ട് മന്ത്രിമാരാണ് സ്വന്തം നിലയിൽ വിദേശയാത്ര നടത്തിയത്.

 

തിരുവനന്തപുരം ജില്ലയിൽ ചിക്കുൻഗുനിയ പ്രതിരോധത്തിനായി വീടുകൾ തോറുമുള്ള പരിശോധന പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളിധരൻ അറിയിച്ചു. വട്ടിയൂർക്കാവിൽ ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കോട്ടയം മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ സ്റ്റോർറൂമിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിഷറീസ് ഡയറക്ടറും ജില്ലാ കളക്ടറും സമഗ്രമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

 

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അനുരാഗ് താക്കൂർ. രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുകയാണ്. കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്. രാഷ്ട്രപതിക്ക് ആരോപണങ്ങളല്ലാതെ തെളിവുകൾ കൈമാറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, അല്ലാതെ ആരോപണങ്ങളല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

 

11 വിദ്യാര്‍ത്ഥിനികൾ നൽകിയ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ജവഹർലാൽ നെഹ്റു സർവ്വകലാശാല പുറത്താക്കിയ അധ്യാപകനും കോൺഗ്രസ് എംപിയുമായ ബിമോല്‍ അക്കോയിജത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മൗനം സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പിൻ്റെ തെളിവാണെന്ന് ബിജെപി വിമർശിച്ചു.

 

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിർത്തിവെച്ചിരുന്ന സ്റ്റോൺ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്.

 

ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലി പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി (സി ജെ പി) രംഗത്തെത്തി. ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സി ജെ പി കൺവീനർ അഭിജീത് ദീപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി.

 

വോട്ട് ചോരി വിഷയത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താനുമുള്ള ഇന്ത്യസഖ്യത്തിന്റ.നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ.

 

 

പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻപ് ബിഹാർ എസ്ഐആർ സംബന്ധിച്ച് വിധി പ്രസ്താവിക്കുമ്പോൾ പരിഗണനയിലില്ലാതിരുന്ന നിബന്ധനകളാണ് പുതിയ ഫോമിലുള്ളതെന്നും, ഫോമിൽ മാറ്റം വരുത്തിയത് ആരെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു.

 

റഷ്യയിൽ നിന്ന് അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും ലക്ഷക്കണക്കിന് ടൺ ഡീസൽ ഇന്ധനം ഇറക്കുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉണ്ടാക്കിയ ധാരണയ്ക്കെതിരെ കടുത്ത പ്രതിഷേധം. അമേരിക്കൻ വിപണിയിൽ ഇന്ധന വില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ വിചിത്രമായ തീരുമാനം.

 

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിന്‍റെ പൂർണ്ണ സുരക്ഷയും പ്രവർത്തന സജ്ജതയും ഉറപ്പുവരുത്തുന്നതിനായി അധികൃതർ തുടർന്നുവരുന്ന സുരക്ഷാ നടപടികൾ പൂർത്തിയാക്കാനാണ് ഈ തീരുമാനം.

 

2026-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്‌കാരത്തിന് അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ, മൈക്കിൾ വുഡ്‌ഫോർഡ് എന്നിവർ അർഹരായി. സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള (microeconomic foundations of macroeconomic stabilisation) ഗവേഷണ മികവിനാണ് പുരസ്‌കാരം.

 

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ കരസ്ഥമാക്കിയ കായികതാരങ്ങളെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ 15-ന് ഔദ്യോഗിക വസതിയിൽ വെച്ചാണ് ചടങ്ങ്. വൈകുന്നേരം 4:30-ന് നടക്കുന്ന ചടങ്ങിൽ വിവിധ കായിക ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ കായികതാരങ്ങൾ പങ്കെടുക്കും.

 

വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ഇസ്രയേൽകാർ കന്നുകാലികളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്. വർഷങ്ങളായി ഇടയന്മാർ താമസിക്കുന്ന വെസ്റ്റ് ബാങ്കിലെ കുന്നിൻ പ്രദേശങ്ങളിൽ ആട്ടിൻ കൂട്ടങ്ങളെ മുന്നിൽ നിർത്തി പലസ്തീനുകാരെ തുരത്താൻ ഇസ്രയേൽ കുടിയേറ്റക്കാർ ശ്രമിക്കുന്നതായാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *