സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്മാന് അവറാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പെരുമാനി’ മെയ് 10 ന് തിയറ്ററുകളിലെത്തും. ചിത്രീകരണവേള മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഈ സിനിമ കഥാപാത്രങ്ങളുടെ ലുക്കില്‍ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത പുലര്‍ത്തിയിരിക്കുകയാണ്. സിനിമ റിലീസിനോട് അടുക്കുന്ന അവസരത്തില്‍ മൈക്ക് അനൗണ്‍സ്മെന്റുമായി സണ്ണി വെയ്നും വിനയ് ഫോര്‍ട്ടും ലുക്ക്മാനും ജീപ്പില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്. സംവിധായകന് മജു നേതൃത്വം വഹിക്കുന്ന ഈ വിളംബര യാത്രയില്‍ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും കൂടെയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍ പോലെ, ഒ വി വിജയന്റെ തസ്റാക്കിലെ മനുഷ്യരെ പോലെ പെരുമാനിയിലെ വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെ ലോകമാണ് സ്ക്രീനുകളിലേക്കെത്തുന്നത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം പെരുമാനി എന്ന ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. രാധിക രാധാകൃഷ്ണന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
പ്രൊമോഷനിലും വ്യത്യസ്തത പുലര്‍ത്തി ‘പെരുമാനി’
