night news hd 26

 

സൂര്യനിലേക്ക് ഇന്ത്യ. ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്റ്റംബര്‍ രണ്ടിനു വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്ന് രാവിലെ 11.50 നാണ് വിക്ഷേപണം. പിഎസ്എല്‍വിയാണു വിക്ഷേപണ വാഹനം. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തിച്ച് എല്‍ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ഉപതെരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി. എന്നാല്‍ ഓണക്കിറ്റിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു പാടില്ലെന്നു വിലക്കിയിട്ടുണ്ട്.

ഓണം ഐശ്വര്യപൂര്‍ണമാക്കാന്‍ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വേണ്ടതെല്ലാം ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പുഷ്പാലംകൃതമായ ഊഞ്ഞാലില്‍ ഇരുത്തി ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ് ആട്ടുന്ന ചിത്രം വൈറലായി. ഇരുവരും നീലവസ്ത്രങ്ങളണിഞ്ഞുള്ള ഊഞ്ഞാലാട്ട ഫോട്ടോ മന്ത്രിയുടെ ഓണാശംസ സന്ദേശത്തിനൊപ്പമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്.

മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിനെ ഇന്നലെത്തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സജീവിന്റെ വീട്ടില്‍വച്ചാണ് ഷാഫിക്കു നെഞ്ചില്‍ വെടിയേറ്റു മരിച്ചത്. സജീവിനൊപ്പം സുഹൃത്തുക്കളായ മുഫീദ്, സുല്‍ഫിക്കര്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സ്വന്തമായി കിണറില്ലാത്തതിനാല്‍ അയല്‍വീട്ടിലെ കിണറില്‍നിന്നു വെള്ളം കോരാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. തിരുവനന്തപുരം കിളിമാനൂര്‍ ഞാവേലിക്കോണം, ചരുവിളപുത്തന്‍ വീട്ടില്‍ റഹീം (39)ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്.

ചന്ദ്രയാന്‍ മൂന്നിലെ പര്യവേഷണ വാഹനമായ പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലെ ഗര്‍ത്തത്തില്‍ വീഴാതെ പിറകോട്ടു മാറിയും ദിശമാറ്റി സഞ്ചരിച്ചും പര്യവേഷണം തുടരുന്നു. പ്രഗ്യാനില്‍നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ഗര്‍ത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോള്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ അടയാളങ്ങളുടെയും ചിത്രമാണ് പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക തൃപ്ത ത്യാഗി. കുട്ടി പഠിക്കണമെന്നു മാത്രമായിരുന്നു ലക്ഷ്യം. കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സ്‌കൂള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണു കേസ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീം കോടതിയുടെ ഉത്തരവു മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ തിടുക്കത്തില്‍ കൊണ്ടുവരുന്നത് അതുകൊണ്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസ് യുവജന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത ബാനര്‍ജി.

ഇന്ത്യ മുന്നണിയുടെ യോഗം 31 ന് മുംബൈയില്‍ ചേരും. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി പങ്കെടുക്കും. മുന്നണിയുടെ ലോഗോ പ്രകാശനം ചെയ്യും. മുന്നണിയുടെ പൊതുഅജണ്ട ചര്‍ച്ച ചെയ്യും. സീറ്റു വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമാകുകയും ചെയ്യും.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ദുരന്തത്തിലേക്കു ടിക്കറ്റ് എടുക്കുന്നതിനു സമാനമായിരിക്കുമെന്ന് ബിജെപി. രാഹുല്‍ഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കര്‍ണാടകത്തിലെ ദാവണഗരെ സബ് ജയിലിന്റെ 40 അടി ഉയരമുള്ള മതില്‍ ചാടിയ ബലാത്സംഗ കേസിലെ പ്രതി തൊട്ടടുത്ത ദിവസം പിടിയിലായി. 23 കാരന്‍ വസന്ത് ആണ് ജയില്‍ ചാടി പിടിയിലായത്. മതില്‍ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ ജയിലിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *