തമിഴിലെ പ്രശസ്ത സംവിധായകന് റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടല്‍ യേഴു മലൈ’യുടെ ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്ലര് മുന്നോട്ട് പോകുന്നത്. അതേസമയം ചിത്രത്തില്‍ ഫാന്റസിയും പ്രണയവും നര്‍മവും ആക്ഷനും വൈകാരികതയും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ടെന്ന സൂചനയും ട്രെയിലര്‍ നല്കുന്നു. 8000 ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
