ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ട് ഹൗസായ എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ലിമിറ്റഡിന്റെ പ്രാരംഭ പൊതു ഓഹരി വില്‍പ്പന ജൂലൈ 14-ന് ആരംഭിക്കുകയാണ്. ജൂലൈ 16 വരെ നീണ്ടുനില്‍ക്കുന്ന ഈ ഐപിഒ വഴി 11,693 കോടി രൂപ വിപണിയില്‍ നിന്നും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 545 രൂപ മുതല്‍ 574 രൂപ വരെയാണ് ഐ.പി.ഒയില്‍, എസ്.ബി.ഐ ഫണ്ട്‌സ് ഓഹരിയുടെ വില പരിധി നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയിട്ടാണ് ഈ ഐ.പി.ഒ വിപണിയിലെത്തുന്നത്. അതായത്, ഇവിടെ സമാഹരിക്കപ്പെടുന്ന തുക കമ്പനിയുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായല്ല ഉപയോഗിക്കുക, മറിച്ച് എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ സംയുക്ത ഓഹരി ഉടമകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ഫ്രഞ്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ അമുണ്ടിയുടേയും പക്കലേക്കാണ് ഈ തുക എത്തിച്ചേരുക. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെയും എസ്.ഐ.പി സ്‌കീമുകളിലുടെ വരുന്ന നിക്ഷേപത്തിന്റേയും ഗണ്യമായ ഭാഗവും കൈകാര്യം ചെയ്യുന്നത് എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ആണ്.
എസ്.ബി.ഐ ഫണ്ട്‌സ് മാനേജ്മെന്റ് ഐ.പി.ഒ ജൂലൈ 14ന്
