ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇ-ചെല്ലാനുകൾ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ, മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല, കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നതെന്ന് ഗോവിന്ദൻ ചോദിച്ചു.
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകര്‍ക്കും വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംഘാടന പിഴവ് കൊണ്ട് തൃശൂര്‍ ജില്ലയില്‍ നടന്നിരുന്ന നീന്തല്‍ മത്സരം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കായിക, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി. സ്കൂൾ ഗെയിംസ് സംഘാടനത്തിൽ കായിക വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരുവിധ മുന്നൊരുക്കങ്ങളും നടന്നിട്ടില്ലെന്നും, കായികരംഗത്ത് വലിയ തിരിച്ചടിയാണ് നിലവിലെ ഭരണസംവിധാനങ്ങൾ വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പികെ കൃഷ്ണദാസ്, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവരാണ് ഗവർണറെ കണ്ടത്.
പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളില്‍ രണ്ട് മന്ത്രിമാര്‍ക്ക് എതിര്‍പ്പ്. മന്ത്രിമാരായ എ പി അനില്‍കുമാര്‍, മോന്‍സ് ജോസഫ് എന്നിവരാണ് എതിര്‍പ്പ് അറിയിച്ചത്. പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.പി അനില്‍ കുമാറിന്റെ എതിര്‍പ്പ്. പി.ജെ. ജോസഫിന് പരിഗണന ലഭിക്കാത്തത് മോന്‍സ് ജോസഫും ഉന്നയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിനാൽ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. അതേസമയം, മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ ഇത്തവണ വന്‍ കുറവ് രേഖപ്പെടുത്തി.
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകും. മന്ത്രി എന്ന നിലയിൽ അധികാരം ദുർവിനിയോഗം ഉണ്ടായി എന്നതിനാൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിയാകും.
മുട്ടിൽ മരം മുറിക്കേസിൽ ദുരൂഹത വർധിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ. ജയതിലകിൻ്റെ ഉത്തരവിൽ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിൻ്റെ മറവിൽ കൊള്ള നടന്നുവെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹർജി നൽകി സിപിഎമ്മും നേതാക്കളും. ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീൻ, എം എം വർഗീസ്, കെ രാധാകൃഷ്ണൻ എനനിവരാണ് വിടുതൽ ഹർജി നൽകിയത്.
തലസ്ഥാനത്തെ സംഘർഷത്തിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി തല്ലിയ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. കൻ്റോൺമെന്റ് എസ് എച്ച് ഓ സതീഷ് എസ് ഐ ഗോകുൽ എന്നിവരുടെ വീടുകളിലേക്ക് മാർച്ചും പ്രഖ്യാപിച്ചു.
മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു.
കൊല്ലത്ത് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണ വീഡിയോയുമായി ഫ്ലക്സ് തകർത്ത യുവാവ് അക്ബർ ഷാ. കോൺഗ്രസിന്റെ ഫ്ലക്സ് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്സ് കീറിയതെന്നും പ്രകടനത്തിൽ നുഴഞ്ഞുകയറിയതല്ലെന്നും അക്ബർ ഷാ വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയില തൃക്കണ്ണാപുരം കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ അജിൻ കൈക്കൂലി വാങ്ങിയെന്ന വിഷയം അന്വേഷിച്ച് നടപടി എടുക്കുമെന്ന് സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു. കൗൺസിലറുടെ വിശദീകരണവും കേൾക്കും.
മലപ്പുറത്തെ കുറിച്ച് അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി നന്ദകുമാർ. മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറമെന്നും മതനിരപേക്ഷ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും പി നന്ദകുമാർ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെയുള്ള വേദിയിലാണ് നന്ദകുമാറിൻ്റെ പരാമർശം ഉണ്ടായത്.
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ എംഡിയായി പുതിയ നിയമനം. ഉത്തരവ് ഇന്ന് ഇറങ്ങും.കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ.
കോട്ടയം മെഡിക്കൽ കോളേജിതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയയായി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്റെ പരാതി.
മുണ്ടംവേലിയിലെ ഫ്ലാറ്റ് നിർമാണത്തിൽ ജിസിഡിഎ നൽകിയ സ്ഥലം റവന്യൂ രേഖകൾ പ്രകാരം ചതുപ്പ് നിലമാണെന്ന് റിപ്പോർട്ട്. ടെക്നിക്കൽ കമ്മിറ്റിയുടെ അജണ്ടയിൽ ഇല്ലാതിരുന്ന മുണ്ടംവേലി നിർദേശിച്ചത് മുൻ ചെയർമാൻ സി എൻ മോഹനൻ എന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നു പോകുന്നതിന് താഴെയാണ് ഈ സ്ഥലം.
വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ,ഏക്കർ കണക്കിന് സർക്കാർ ഭൂമി കയ്യേറിയതിൽ, പട്ടയം റദ്ദാക്കാനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി. ഇതിൻറെ ഭാഗമായി പട്ടയംകിട്ടിയ ആളുകൾക്കായി പീരുമേട് തഹസിൽദാർ ഒൻപതാം തീയതി ഹിയറിംഗ് നടത്തും.
2025ലെ മലയാള സിനിമയിലെ 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. എക്കോയാണ് മികച്ച സിനിമ. തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജന്‍ എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡും പങ്കിട്ടു.
വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണവും 25,000 രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജ (63) യുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്.
റപുൻസൽ സിൻഡ്രോം എന്ന അപൂർവവും സങ്കീർണവുമായ രോഗവുമായി നെയ്യാറ്റിൻകര സ്വദേശിനി. ശസ്ത്രക്രിയയിൽ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ഏതാണ്ട് ഒരു കിലോയോളം ഭാരമുള്ള തലമുടിക്കട്ടാണ് പുറത്തെടുത്തത്. ടെൻഷനും സ്ട്രെസും വരുമ്പോൾ കുട്ടികൾ മുടിയുടെ ഭാഗങ്ങൾ കടിച്ചെടുക്കുന്നതാണ് രോഗത്തിന്‍റെ സ്വഭാവം. ഇത് ആമാശയത്തിനുള്ളിൽ ചെന്ന് ചെറിയ കിളിക്കൂട് രൂപത്തിൽ അടിയും.
കനത്ത മഴയിൽ വീടിന്‍റെ ചുമരിടിഞ്ഞ് മരണം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് (58) മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണ സംഭവം. മുറിയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. കനത്ത മഴയായിരുന്നതിനാൽ ആരും അറിഞ്ഞില്ല.
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26), തമിഴ്നാട് സ്വദേശികളായ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരും വാഹനം ഓടിച്ച സൗദി പൗരനുമാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഭദോഹിയിൽ ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് 20 കാരിയായ ദളിത് യുവതി റോഡരികിൽ പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവൺമെന്റ് ആശുപത്രിക്ക് പുറത്താണ് സംഭവം.
ഫ്ലൈ ദുബായ് വിമാനത്തിൽ അക്രമം നടത്തിയത് സഹ പൈലറ്റായിരുന്ന ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഫ്ലൈ ദുബായിൽ എത്തിയിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. എന്തായിരുന്നു ഇയാളുടെ ലക്ഷ്യം എന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടി.ഐ.എൽ ഹെൽത്ത്‌കെയർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്ലാൻ്റിലാണ് സ്ഫോടനം നടന്നത്.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയില്‍ ചരിത്രം കുറിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളതെന്നും, മിസൈല്‍ കയറ്റുമതി 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5760 കോടി രൂപ) കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. ‘
അമേരിക്കയിലെ ഒഹായോയിലുള്ള പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റർ ക്ലീവ്‌ലാന്റ് പ്രദേശത്തെ റിച്ച്മണ്ട് ഹൈറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്.
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ഭീകരപ്രവർത്തനത്തിന് ശ്രമിച്ചതായി യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി.
പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ധീരതയെ കുറിച്ച് ഒരുവാക്ക് രാഹുൽ ഇതുവരെ പറഞ്ഞിട്ടില്ലെന്ന കുറ്റപ്പെടുത്തലുമായി ബിജെപി. രാഹുലിന്റെ സ്നേഹത്തിന്റെ കടയിൽ ഇന്ത്യയുടെ പുത്രന് ഇടമില്ലേയെന്ന് ബിജെപി ചോദിച്ചു.
സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. എന്നാൽ, തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
മുംബൈയിലെ മിഥി നദി സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ ഡിനോ മോറിയ അറസ്റ്റിൽ. മുംബൈ പൊലീസിന്റ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. മിഥി നദിയിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട കരാറിൽ ഡിനോ മോറിയ ഉൾപ്പെട്ട കമ്പനി മുംബൈ മുനിസിപ്പൽ കോർപ്പറേഷന് 65 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കിടെ മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാൻ കലാകാരന്മാരും സഭയും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്ത് പോപ്പ് ലിയോ പതിനാലാമൻ. കലാകാരന്മാരും സഭയും സാംസ്‍കാരിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ട്.
അഞ്ച് തവണ ലോകചാമ്പ്യന്‍മാരായ, ബ്രസീലിന്റെ മഞ്ഞപ്പടയും ഇന്ത്യയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ന് മൽസരിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. അന്താരാഷ്ട്ര സീനിയര്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെയും ബ്രസീലിന്റെയും ദേശീയ ടീമുകള്‍ ഏറ്റുമുട്ടുന്നത് ഇത് ആദ്യമായിട്ടാണ്.
