ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഇത്തരം ഡിസൈനുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം വരെ വലിയൊരു തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ലെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് മെറ്റ ലംഘിച്ചതായി യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തി. ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, വീഡിയോകള്‍ തനിയെ പ്ലേ ആകുക, വ്യക്തിഗതമായ ശുപാര്‍ശകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോക്താക്കളെ ഒരു ‘ഓട്ടോപൈലറ്റ് മോഡിലേക്ക്’ നയിക്കുകയും അമിതമായ ഉപയോഗത്തിന് കാരണമാവുകയും ചെയ്യുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. പ്രത്യേകിച്ച് കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു.
