അദാനി ഗ്രീന്‍ എനര്‍ജിയിലെ 6 ശതമാനം ഓഹരി വില്ക്കാന് ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്. ഏതാണ്ട് 10,200 കോടി രൂപയോളം വരുന്ന ഓഹരികളാണ് കമ്പനി വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സബ്സിഡിയറി കമ്പനികളിലായി ഏകദേശം 19 ശതമാനം ഓഹരികളാണ് ടോട്ടല്‍ എനര്ജീസിനുള്ളത്. 15.58 ശതമാനം ഓഹരി ടോട്ടല്‍ എനര്‍ജീസ് റിന്യൂവബിള്‍സ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനും 3.41 ശതമാനം ടോട്ടല്‍ എനര്‍ജീസ് സോളാര്‍ വിന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനുമാണ്. 2021ലാണ് 2.5 ബില്യന്‍ ഡോളര്‍ (22,300 കോടി രൂപ) മുടക്കി അദാനി കമ്പനിയിലെ ഓഹരികള്‍ ടോട്ടല്‍ എനര്‍ജീസ് വാങ്ങുന്നത്. നിലവില്‍ 8 ബില്യന്‍ ഡോളറാണ് (ഏകദേശം 71,350 കോടി രൂപ) ഈ ഓഹരികളുടെ മൂല്യം. നാല് വര്‍ഷത്തിനിടെ മൂന്ന് മടങ്ങോളം ഓഹരി വില വര്‍ധിച്ചതോടെയാണ് ലാഭമെടുക്കാന്‍ ടോട്ടല്‍ എനര്‍ജീസ് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. ഈ ഓഹരികള്‍ അദാനി എനര്‍ജീസ് തന്നെ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. നിലവില്‍ 1.69 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
