നെറ്റ്ഫ്‌ലിക്‌സിന്റെ ചരിത്രത്തിലെ ഹിറ്റുകളില്‍ ഒന്നായ ‘സ്ട്രേഞ്ചര്‍ തിങ്സ്’ സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിനായുള്ള ട്രെയിലര്‍ പുറത്തിറക്കി, ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലെത്തിച്ചിരിക്കുകയാണ്. വെക്‌നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. ഡഫര്‍ ബ്രദേഴ്സ് ഒരുക്കിയ ഈ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍-ഹൊറര്‍ സീരീസിന്റെ പശ്ചാത്തലം 1980-കളിലെ സാങ്കല്‍പ്പിക നഗരമായ ഹോക്കിന്‍സ്, ഇന്ത്യാനയാണ്. ‘അപ്സൈഡ് ഡൗണ്‍’ എന്ന വിചിത്ര ലോകത്തേക്ക് തുറക്കുന്ന ഒരു കവാടവും, അവിടുത്തെ ഭീകര ജീവികളായ ഡെമോഗോര്‍ഗണുകളും വെക്‌നയുമാണ് കഥയിലെ പ്രധാന വെല്ലുവിളികള്‍. അമാനുഷിക ശക്തികളുള്ള ഇലവന്‍ എന്ന പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരുമാണ് ഇതിനെ നേരിടുന്നത്. 80-കളിലെ നോസ്റ്റാള്‍ജിയയും മികച്ച കഥാപാത്രസൃഷ്ടിയും സീരീസിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. സീസണ്‍ 5-ന്റെ ആദ്യഭാഗമായ വോളിയം 1, നവംബര്‍ 26-ന് യുഎസിലും, 27-ന് ബുധനാഴ്ച രാവിലെ 6:30-ന് ഇന്ത്യയിലും നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.
