ഇന്ത്യയുടെ സ്വന്തം കാര്‍ഡ് നെറ്റ്വര്ക്കായ റുപേ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ റുപേയുടെ വിപണി വിഹിതം 18 ശതമാനമായി വര്‍ദ്ധിച്ചു. ഈ നേട്ടത്തിന് പ്രധാനമായും കാരണം യുപിഐ പ്ലാറ്റ്ഫോമുമായി റുപേ കാര്‍ഡുകളെ സംയോജിപ്പിച്ചതാണ്. റുപേ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ രാജ്യത്തിനകത്താണ് പ്രോസസ് ചെയ്യുന്നത്. ഇത് മറ്റ് അന്താരാഷ്ട്ര കാര്‍ഡ് നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഒരു ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ആയതിനാല്‍, റുപേ കാര്‍ഡുകള്‍ക്ക് ആഭ്യന്തര ഇടപാടുകള്‍ക്ക് താരതമ്യേന കുറഞ്ഞ പ്രോസസ്സിംഗ് ഫീസാണ് ഈടാക്കുന്നത്. ഇത് ബാങ്കുകള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണകരമാണ്. വിവിധ ബാങ്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റുപേ കാര്‍ഡുകള്‍ ഇന്ന് രാജ്യത്തുടനീളമുള്ള എ.ടി.എമ്മുകളിലും പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും വ്യാപകമായി സ്വീകരിക്കപ്പെടുന്നു.
