38 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍-മണിരത്നം ടീമിന്റെ ‘നായകന്‍’ റീ റിലീസ് ചെയ്യുന്നു. കമല്‍ ഹാസന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം നവംബര്‍ 6ന് ആണ് വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് നായകന്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. 1987-ല്‍ പുറത്തിറങ്ങിയ നായകന്‍ കമല്‍-മണിരത്നം കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അക്കാലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കമല്‍ മികച്ച നടനായി. പിസി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. ആര്‍ട്ട് ഡയറക്ഷന് തോട്ട ധരിണിയും ദേശീയ അവാര്‍ഡ് നേടിയതിന് ശേഷം നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിരത്നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരുന്നു.
കമല്‍ ഹാസന്‍ ചിത്രം ‘നായകന്‍’ റീ റിലീസ് ചെയ്യുന്നു
