വെബ് സീരീസിലൂടെ കേരളക്കരയാകെ തരംഗമായ ‘കരിക്ക്’ ടീം സിനിമയിലേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്. നിഖില്‍ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. നിഖില്‍ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൂടിയാണ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. ചിത്രം 2025 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച്, അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ആനന്ദ് മാത്യൂസ്, അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ബിനോയ് ജോണ്‍, ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണ ചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കള്‍. സിനിമ നിര്‍മിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് കരിക്ക് പുറത്തുവിട്ടത്. ഡോ അനന്തു പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രമാണിത്.
