വെന്യുവിന്റെ പെര്‍ഫോമന്‍സ് മോഡല്‍ എന്‍ ലൈന്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്. നവംബര്‍ നാലിന് പുതിയ മോഡല്‍ പുറത്തിറക്കുന്നതിന്റെ മുന്നോടിയായി വെന്യു എന്‍ ലൈനിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ വെന്യുവിനെ അടിസ്ഥാനപ്പെടുത്തിയാണ് പെര്‍ഫോമന്‍സ് മോഡലിന്റെ രൂപകല്‍പന. 120 ബിഎച്ച്പി കരുത്തുള്ള 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനോടെ മാത്രം ലഭിക്കുന്ന ചെറു എസ്‌യുവിക്ക് മാനുവല്‍ ഡിസിടി ഗിയര്‍ബോക്‌സ് മോഡലുകളുണ്ട്. പുതിയ വെന്യുവിന്റെ സാധാരണ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍ ലൈനിന്റെ ഏറ്റവും വലിയ മാറ്റങ്ങള്‍ ബാഹ്യ രൂപകല്‍പനയിലാണ്. വെന്യു എന്‍ ലൈനിന് ഗ്രില്ലില്‍ വൈ സ്ലാറ്റ് ഡിസൈനുണ്ട് കൂടാതെ എന്‍ ലൈന്‍ ബാഡ്ജിങ്, ചെറിയ സ്‌കിഡ് പ്ലേറ്റ്, റെഡ് ആക്‌സിന്റ് എന്നിവയുണ്ട്. എന്‍ 6, എന്‍ 10 എന്നീ രണ്ടു വേരിയന്റുകളില്‍ മാത്രമാണ് ലഭിക്കുക. 120 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുള്ള 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. എന്‍ 6 മോഡല്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ലഭിക്കുമ്പോള്‍ എന്‍ 10 മോഡല്‍ ഡിസിടി ഗിയര്‍ബോക്‌സില്‍ മാത്രം. നോര്‍മല്‍, മഡ്, സാന്‍ഡ്, സ്‌നോ ട്രാക്ഷന്‍ മോഡുകളുമുണ്ട്.
