തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2025-26) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 217.31 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 572.08 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭത്തില്‍ 62 ശതമാനം കുറവുണ്ട്. അതേസമയം, ജൂണിലവസാനിച്ച ഒന്നാം പാദത്തിലെ 132.47 കോടി രൂപയില്‍ നിന്ന് 64 ശതമാനം വര്‍ധിച്ചു. രണ്ടാംപാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,637.14 കോടി രൂപയില്‍ നിന്ന് 2,285.36 കോടി രൂപയായി കുറഞ്ഞു. തൊട്ടു മുന്‍പാദത്തില്‍ വരുമാനം 2,637.14 കോടി രൂപയായിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് രണ്ടാം പാദത്തില്‍ 168 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ 75 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മണപ്പുറം ഫിനാന്‍സിന്റെ സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 29.3 ശതമാനം വര്‍ധിച്ച് 31,505 കോടി രൂപയായി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മുന്‍ വര്‍ഷത്തെ 1,692 കോടി രൂപയില്‍ നിന്ന് 1,900 കോടി രൂപയായി ഉയര്‍ന്നു. വെഹിക്കിള്‍ ആന്‍ഡ് എക്യുപ്മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,057 കോടി രൂപയാണ്. ഗ്രൂപ്പ് മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടി രൂപയായി ഉയര്‍ന്നു. മുന്‍പാദത്തില്‍ ഇത് 44,304 കോടി രൂപയായിരുന്നു.
