ചില ഭക്ഷണം അമിതമാകുന്നത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാം. അതില്‍ പ്രധാനിയാണ് ഉപ്പ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, സ്നാക്സ് പോലുള്ളവയില്‍ അടങ്ങിയ അമിതമായ ഉപ്പിന്റെ അളവ് ശരീരത്തില്‍ എത്തുന്നത് പതിവാകുമ്പോള്‍, ഫ്ലൂയ്ഡ് റിറ്റന്ഷനിലേക്കും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കും നയിക്കും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കാന്‍ ഇടയാക്കും. റെഡ് മീറ്റില്‍ യൂറിക് ആസിഡിന്റെ അളവു കൂടുതലായതിനാല്‍ ഇത് വൃക്കകളുടെ പണി ഇരട്ടിയാക്കും. കാലക്രമേണ വൃക്കകളില്‍ കല്ലു വരാനുള്ള സാധ്യത കൂടുതലാണ്. സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള ശീതള പാനീയങ്ങള്‍ സ്ഥിരമായാല് പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇന്‍സുലിന്‍ റസിസ്റ്റന്‍സിനും കാരണമാകും. വൃക്കരോഗസാധ്യതയുള്ളവരില് രോഗം വരാനും ഇത് കാരണമാകും. പാല് ഉല്‍പ്പന്നങ്ങള്‍ അമിതമാകുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതില്‍ അടങ്ങിയ ഫോസ്ഫറസും കാത്സ്യവും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. വൃക്കരോഗം ഉള്ളവര്‍ അമിതമായി പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ അത് വൃക്കകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വൃക്കകള്‍ക്ക് ക്രമേണ ആയാസമുണ്ടാക്കുകയും വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യും. ഇവ അമിതമായാല്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാനും കാരണമാകും. എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകും. ഒപ്പം ഇത് വൃക്കകള്‍ക്ക് ആയാസമുണ്ടാക്കുകയും വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
പാല് ഉല്‍പ്പന്നങ്ങള്‍ അമിതമായാല്‍ വൃക്കകളെ ബാധിക്കാം
