സ്പൈസ്‌ജെറ്റ് സ്ഥാപകനും പ്രമോട്ടറുമായ അജയ് സിംഗ് 13.14 കോടി വാറന്റുകള്‍ തതുല്യമായ ഇക്വിറ്റി ഓഹരികളാക്കി മാറ്റുന്നതു വഴി 294.09 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. പ്രമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ സ്പൈസ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് സ്പൈസ്‌ജെറ്റിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കൂടിയായ അജയ് സിംഗ് മൂലധന നിക്ഷേപം നടത്തുന്നത്. വാറന്റുകള്‍ ഓഹരികളാക്കി മാറ്റുന്നതോടെ സ്പൈസ്‌ജെറ്റിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി വിഹിതം നിലവിലെ 29.11 ശതമാനത്തില്‍ നിന്ന് 33.47 ശതമാനമായി ഉയരും. നേരത്തെ പ്രഖ്യാപിച്ച ധനസമാഹരണ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ ഈ നീക്കം. പ്രമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം വഴി വാറന്റ്സ് ഓഹരികളാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സ്പൈസ്ജെറ്റ് ഓഹരി വില ഇന്ന് ഏഴ് ശതമാനം ഉയര്‍ന്നു. ഇന്ന് രാവിലെ 45.20 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്പൈസ്‌ജെറ്റ് ഓഹരി വില പിന്നീട് 48.58 രൂപയായി ഉയര്‍ന്നു. ഇന്ന് ഓഹരിക്ക് നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ ആയാല്‍ ഏഴ് ദിവസത്തോളം നീണ്ട നഷ്ടത്തിനും വിരാമമാകും. കഴിഞ്ഞ ഏഴ് വ്യാപാര സെഷനുകളില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 10 ശതമാനം ഇടിവാണുണ്ടായത്.
294.09 കോടിയുടെ നിക്ഷേപവുമായി സ്പൈസ്ജെറ്റ് സ്ഥാപകന്‍
