വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്ററിൽ ഏഴ് ടൺ പഴകിയ തുണി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. ഫലത്തിൽ ഇത് ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 195 ശരീരഭാഗങ്ങൾ കണ്ടെത്തി. ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു.കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.