വേനല്‍ച്ചൂടിനെ ചെറുക്കാന്‍ ഏറ്റവും നല്ലത് ഏതാണ്ട് 90 ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തനാണ്. എന്നാല്‍ തണ്ണിമത്തനില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉപ്പ് ചേര്‍ത്താല്‍ മധുരം കുറയുമെന്നാണ് പൊതുധാരണയെങ്കിലും തണ്ണിമത്തന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഉപ്പിലെ ക്ലോറൈഡ് അയോണുകള്‍ നാവിലെ മധുരം തിരിച്ചറിയാനുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും പഴത്തിന്റെ സ്വാഭാവിക മധുരം കൂടുതല്‍ പ്രകടമാക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്ന് സോഡിയം വന്‍തോതില്‍ നഷ്ടപ്പെടാറുണ്ട്. തണ്ണിമത്തനില്‍ ജലാംശമുണ്ടെങ്കിലും സോഡിയത്തിന്റെ അളവു തീരേ കുറവാണ്. ഒരു നുള്ള് ഉപ്പ് ചേര്‍ക്കുന്നതിലൂടെ സോഡിയത്തിന്റെ അളവു വീണ്ടെടുക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുമെന്ന് ന്യൂട്രിയെന്റ്‌സ് ജേണല്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പാകമാകാത്തതോ മധുരം കുറഞ്ഞതോ ആയ തണ്ണിമത്തന്റെ രുചി മെച്ചപ്പെടുത്താനും ഉപ്പ് സഹായിക്കും. ചെറിയ അളവില്‍ ഉപ്പ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിച്ചേക്കാം. ഉപ്പ് ചേര്‍ക്കുമ്പോള്‍ അമിതമാകാതെ സൂക്ഷിക്കാണം. അമിതമായാല്‍ സ്വാഭാവിക രുചി നശിക്കും. രുചി മെച്ചപ്പെടുത്തുന്നതിന് തണ്ണിമത്തനൊപ്പം അല്‍പം നാരങ്ങാ നീരും ചേര്‍ക്കുന്നത് നല്ലതാണ്.
