തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘യേഴു കടല്‍ യേഴു മലൈ’. ഒക്ടോബര്‍ 1ന് റിലീസാകുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യ മൂന്നുമിനിറ്റ് ടൈറ്റില്‍ കാര്‍ഡ് പുറത്തുവിട്ടു. നിവിന്‍ പോളി, സൂരി, അഞ്ജലി എന്നിവരുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനുകളാണ് പുറത്തുവന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന ശൈലിയിലാണ് ടൈറ്റില്‍ കാര്‍ഡിന്റെ അവതരണം. 8000-ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രവി മരിയ, എന്‍. അഴക പെരുമാള്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
