കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മറ്റ് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ജനുവരി മുതൽ മേയ് വരെ പീക്ക് സമയത്തേയ്ക്ക് ഉള്‍പ്പടെ വൈദുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ചു. ജനുവരിയിൽ 2400 മെഗാവാട്ടിന് ടെന്‍ഡര്‍.
കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തിയ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് പ്രവർത്തകർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പിണറായി സർക്കാരിന്റെ ആവർത്തനം മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. എസ്ഐആർ വിഷയത്തിലും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും രാഹുൽ ഗാന്ധിയും കോൺഗ്രസും നുണ പ്രചരിപ്പിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നാളെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീൻ്റെ ബെഞ്ചാണ് വിധി പറയുക.
ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസില്‍ അഞ്ച് ചെറുപ്പക്കാര്‍ അറസ്റ്റില്‍. ദേശീയപാതയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുത്തര്‍ക്കമാണ് കയ്യാങ്കളിയിലും കേസിലും കലാശിച്ചത്.
സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു അറിയിച്ചു.
കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കടം തീർക്കാനാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾക്ക് 307.10 കോടി രൂപയും കാരുണ്യ ബെനവലൻ്റ് പദ്ധതിക്ക് 293.62 കോടി രൂപയും അനുവദിച്ചു.
മെസ്സിയെ കേരളത്തിൽ കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ചുമത്താൻ സാധ്യത. അഴിമതി കേസെടുക്കുന്നതിൽ ഡിജിപിയുമായും എസ്ഐടി തലവൻ പി വിജയനുമായും ആഭ്യന്തര ചർച്ചകള്‍ നടത്തി.
കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
തെറ്റുതിരുത്തലിനായി ചേർന്ന വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. തർക്കം മുറുകിയതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഏക ഒഴിവ് നികത്താൻ കഴിയാതെയാണ് ഇന്നലെ യോഗം സമാപിച്ചത്.
കെപിസിസി ജനറൽ സെക്രട്ടറി ബിആര്‍എം ഷഫീറിന്‍റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസര്‍ച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം നൽകിയത്. നിയമനത്തിനെതിരെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ വിതരണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും കടുത്ത പ്രതിസന്ധിയിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫണ്ട് ലഭിക്കാത്തതിനാൽ അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പണം കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സ്കൂൾ ഒളിമ്പിക്സ് നടത്തിപ്പിലും സർക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വിമർശിച്ചു.
ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ആഭ്യന്തര വകുപ്പ് ‘സ്പീക് അപ്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. പരാതി നൽകുന്ന സ്ത്രീകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് നോഡൽ ഓഫീസർ ഐജി അജീതാ ബീഗം വ്യക്തമാക്കി. മുൻകാല പദ്ധതികളുടെ പോരായ്മകൾ പരിഹരിച്ച് സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കാനാണ് ഈ നീക്കം.
കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു.
ബെംഗളുരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിൻ്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹിളുടേയും മൊഴിയെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.
ഒക്ടോബർ 10-ന് ജന്തർ മന്തറിൽ സി.ജെ.പി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കി. ക്രമസമാധാന പാലനത്തിനായി 500-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും അതിർത്തികളിൽ പരിശോധന കർശനമാക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.
ഇൻഡിഗോക്ക് പിന്നാലെ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ഇൻഡിഗോക്ക് പിന്നാലെ ആദ്യം ആകാശ എയറാണ് ഇന്ന് നിരക്ക് വർദ്ധനവ് ആദ്യം പ്രഖ്യാപിച്ചത്. വിമാന ഇന്ധന നിരക്കിൽ വർദ്ദനവ് ഉണ്ടായതാണ് കാരണമെന്ന് കമ്പനി അറിയിച്ചു.
കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടർന്നുള്ള ഈ നടപടിയിലൂടെ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകും. ഇത് രോഗികൾക്ക് പ്രതിവർഷം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭം നൽകും.
ദില്ലിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടാൻ ഉത്തരവിട്ട് സർക്കാർ. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുക്കുന്നതിനിടെ ആണ് സർക്കാരിൻ്റെ തീരുമാനം. മസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് തീരുമാനമെന്ന് ഉത്തരവിൽ അറിയിച്ചു.
ഗുജറാത്തിൽ ആട്ടിൻകൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. നിരവധി മിണ്ടാപ്രാണികൾക്ക് ജീവൻ നഷ്ടമായി. കച്ച് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍റെ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കും. വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് എസ് ദിനേശ് എന്നയാൾ ഹർജി നൽകിയിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യാ സഖ്യം ദില്ലിയിൽ പ്രതിഷേധം ശക്തമാക്കി. രാജ്ഘട്ടിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ പൊലീസ് തടഞ്ഞതോടെ വൻ സംഘർഷമുണ്ടായി. മോദിയും അമിത് ഷായും ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
കൊൽക്കത്തയിൽ മുതിർന്ന സിപിഎം നേതാവും മുൻ രാജ്യസഭാംഗവുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണം. അക്രമികൾ വീടിന് നേരെ മദ്യക്കുപ്പികൾ എറിഞ്ഞുവെന്നും സിസിടിവി ക്യാമറകൾ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് മോഷണം ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സിജെപി ബെംഗളൂരുവിൽ കൂറ്റൻ റാലി സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് അഭിജീത് ദീപ്കെയും ഐഷി ഘോഷും ആരോപിച്ചു. പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയും റാലിയിൽ പങ്കെടുത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിനുള്ള ലൈസൻസ് വൈകുന്നതിൽ ഇലോൺ മസ്ക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുകേഷ് അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ് എന്ന് ചോദിച്ച മസ്ക്, പ്രാദേശിക ടെലികോം ഭീമന്മാരാണ് തങ്ങളുടെ വരവ് തടയുന്നതെന്നും ആരോപിച്ചു
ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന് ലഭിച്ചു. സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.
സൗദി അറേബ്യയിലെ അബഹ, കിംഗ് ഖാലിദ് വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂതി ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
