ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ തോൽപിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാള്‍ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം.
മരുന്നുമായി ബന്ധപ്പെട്ടുള്ള കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഡിഎംഒമാരുടെ യോഗത്തിൽ നിർദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യം കണക്ക് വേണമെന്നും ക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും യോഗത്തിൽ മന്ത്രി കർശന നിർദേശം നൽകി.
ഇടുക്കി മെഡിക്കല്‍ കോളജിൽ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന് ആരോപണം. ഇടുക്കി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. സൂപ്രണ്ട് ഫാര്‍മസി അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഭൂമിയാംകുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്.
പനി കേസുകളിൽ വർധനയെന്ന് റിപ്പോർട്. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വിലക്കയറ്റമുണ്ടായിട്ടും അത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും ശൈലജ കുറ്റപ്പെടുത്തി.
കാന്‍സര്‍ മരുന്നുവിലയിലെ കൊള്ളയ്‌ക്കെതിരെ സുപ്രീംകോടതി. കോര്‍പറേറ്റ് സ്വകാര്യ ആശുപത്രികളില്‍ എങ്ങനെയാണ് മരുന്നിന് പത്തിരട്ടിവില നിശ്ചയിക്കപ്പെടുന്നത് എന്ന് വിമര്‍ശിച്ച കോടതി, ലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ചോദിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. മാറ്റകരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും.
തിരുവനന്തപുരം ഡി സി സി ഓഫീസിന് നേരെ കല്ലേറ്. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് ഡിസിസി ഓഫീസ് സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫും ഡിസിസി ഓഫീസ് സന്ദര്‍ശിച്ചു. ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് അക്രമമെന്ന് മനസിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടംവേലി ഫ്ലാറ്റ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി കെ എം ഷാജി ആണ് അന്വേഷണത്തിന് ശുപാർശ നൽകിയത്. മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ചത് മുഹമ്മദ് ഷിയാസ് ആയിരുന്നു.
ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോൾ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഡിസിപിയോട് ക്ഷുഭിതനായി. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. തനിക്ക് അധിക സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായും 250 പേർ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിലുള്ള ഉദ്യോഗസ്‌ഥരാണ് പട്ടികയിൽ കൂടുതലുള്ളതെന്നും അദ്ദേഹം വിശദമാക്കി.
മുട്ടിൽ മരം മുറി കേസിൽ ആദ്യ കുറ്റപത്രം മടക്കിയതിൽ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദേശങ്ങൾ കൃത്യമായി അറിയിക്കുന്നതിലും വീഴ്ച ഉണ്ടായെന്നും കുറ്റപത്രം തിരുത്തി സമർപ്പിക്കുന്നത് വൈകിയെന്നുമാണ് കണ്ടെത്തല്‍.
കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് പൊലീസ്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ.
1988-ല്‍ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദ്(76)നെയാണ് 13 വര്‍ഷം തടവിനും 16000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിൻ്റെ ഗൺമാൻ്റെ മൊഴിയും എസ്ഐടി എടുക്കും.
18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവർത്തക നിന സബ്നാനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും.
ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനി രഹ്നയുടെ പരാതിയിൽ ഭര്‍ത്താവ് നിധിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് സ്വന്തം വസതിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ വീട്ടിൽ ജോലിക്ക് ചേർന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും അഡീഷണൽ പ്രൊഫസറുമായ ഡോ. നോരി ലക്ഷ്മി ഭാസ്കറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ആന്‍റി കറപ്ഷൻ ബ്യൂറോ അന്വേഷണം ഊർജ്ജിതമാക്കി.
എഫ്സിആർഎ നിയമ ഭേദഗതിയിൽ വ്യക്തത തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സർക്കാർ വിലക്കുന്ന അക്കൗണ്ടുകളിലെ പണം എന്ത് ചെയ്യണമെന്നതിൽ വ്യക്തത വേണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസലു സെട്ടി ആവശ്യപ്പെട്ടു.
ബിഹാറിൽ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വസതികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃത സ്വത്ത് കണ്ടെടുത്തു. പട്നയിലെ എ.ഡി.എം രവീന്ദ്ര കുമാർ ദിവാകർ, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പൂരിലെ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ വീടുകളിലാണ് മിന്നൽ റെയ്ഡ് നടത്തിയത്.
2026 ഒക്ടോബർ 1 മുതൽ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളിൽ നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. എടിഎം സർവ്വീസ് ചാർജ്, എൽപിജി ഇന്ധന സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കൽ, മ്യൂച്വൽ ഫണ്ട്/എഫ്‌ഡി നിയമങ്ങൾ, ബാങ്കിങ് അപ്‌ഡേറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്.
ഒമാനിലെ പ്രശസ്തമായ കടലാമ സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ആമയുടെ പുറത്ത് കയറിയിരുന്ന് റീൽ ചിത്രീകരിച്ച ഉക്രെയ്ൻ ദമ്പതികൾക്കെതിരെ ഒമാൻ എൻവയോൺമെന്റ് അതോറിറ്റിയുടെ നിയമനടപടി. സൗത്ത് അൽ ഷർഖിയയിലെ റാസ് അൽ ഹദ്ദിലാണ് സംഭവം.
സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ വൈകിട്ട് അഞ്ച് വരെ റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ബി-1 ചത്വരത്തിലുള്ള ഇന്ത്യൻ എംബസി പരിസരത്താണ് ഓപ്പൺ ഹൗസ് നടക്കുക.
വൈറ്റ് ഹൗസിൽ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി മേധാവികളുമായി നടത്തിയ പ്രധാന കൂടിക്കാഴ്ചയിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയെ പ്രശംസ കൊണ്ട് മൂടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിച്ചൈയെ ‘മോൺസ്റ്റർ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സാങ്കേതികവിദ്യാ രംഗത്ത് അദ്ദേഹത്തിനുള്ള വലിയ സ്വാധീനത്തെയും വിജയത്തെയുമാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.
പരിശീലനപ്പറക്കലിനിടെ റഷ്യൻ വ്യോമസേനയുടെ ആണവായുധശേഷിയുള്ള തന്ത്രപ്രധാനമായ ബോംബർ വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 6 സൈനികർ കൊല്ലപ്പെട്ടു.ടിയു 95 ബോംബർ വിമാനം എൻജിൻ തകരാർ മൂലം തകർന്നു വീഴുകയായിരുന്നുവെന്നാണ് വിശദീകരണം .
നിർമ്മിത ബുദ്ധി മേഖലയിൽ ചൈനയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എഐ രംഗത്തെ സഹകരണം അമേരിക്കൻ കമ്പനികൾക്കൊപ്പം എത്താൻ ബെയ്ജിങ്ങിനെ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.
മലയാളി അത്ലെറ്റ് ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ. ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം മാറിയതിന് പിന്നാലെ ക്ലബ്ബിനെതിരെയുള്ള ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. യുഎഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്‍റെ മുഴുവൻ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മഞ്ഞപ്പടയുടെ ഈ തീരുമാനം.
അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടർ പദവിയിൽ നിന്ന് സ്ഥാനമൊഴിയുന്നതോടെ, മുൻ ഇടങ്കയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജ അടുത്ത ചീഫ് സെലക്ടറാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. 39-കാരനായ പ്രഗ്യാൻ ഓജ നിലവിൽ നാലംഗ സെലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല ചീഫ് സെലക്ടറായി പ്രവർത്തിച്ചു വരികയാണ്.
