പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്ന് പുതിയ പഠനം. യുഎസ് ആസ്ഥാനമായുള്ള വാട്ടര്ഫില്ട്ടേഴ്സ്ഗുരുഡോട്ട്കോമിലെ ഗവേഷക സംഘമാണ് വ്യത്യസ്ത തരം അടപ്പുകളുള്ള വെള്ളക്കുപ്പികള്‍ പരിശോധനക്ക് വിധേയമാക്കിയത്. ഗ്രാം നെഗറ്റീവ്, ബാസിലസ് ബാക്ടീരിയകള്‍ എന്നിവയാണ് കുപ്പികളില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധക്ക് കാരണമാകും. ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ വിശദീകരിച്ചതായി എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കുപ്പികളില്‍ അടുക്കളയിലെ പാത്രം കഴുകുന്ന സിങ്കിന്റെ ഇരട്ടിയും കമ്പ്യൂട്ടര്‍ മൗസിന്റെ നാലിരട്ടിയും വളര്‍ത്തുമൃഗങ്ങള്‍ കുടിക്കുന്ന പാത്രത്തേക്കാള്‍ 14 മടങ്ങ് കൂടുതലും ബാക്ടീരിയകള്‍ ഉണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ വായില്‍ വിവിധ ബാക്ടീരിയകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കുടിവെള്ള കുപ്പികളില്‍ ഇത്രയധികം ബാക്ടീരിയകള്‍ അടങ്ങിയതില്‍ അതിശയിക്കാനാവില്ലെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് മോളിക്യുലര്‍ മൈക്രോബയോളജിസ്റ്റ് പറയുന്നു. എന്നാല്‍ കുപ്പികളില്‍ ഇത്രയധികം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് അത്രക്ക് അപകടരമല്ലെന്നാണ് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് പറയുന്നത്. എന്നിരുന്നാലും പുനരുപയോഗിക്കാവുന്ന കുപ്പികള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ചൂടുള്ള സോപ്പ് വെള്ളത്തില്‍ കഴുകാനും ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കാനും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
വെള്ള കുപ്പികളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍!
