കെഎസ്എഫ്ഡിസി നിര്‍മ്മിച്ച് നവാഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘വിക്ടോറിയ’. ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്ക് ഈ മാസം 28 ന് എത്താന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആഖ്യാനത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രമാണ് ഇത്. ഒരു ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിയായ വിക്ടോറിയയുടെ കഥപറയുന്ന ചിത്രത്തില്‍ മീനാക്ഷി ജയന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീഷ്മ ചന്ദ്രന്‍, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജ മേരി ചിറയ്ക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഒരു പൂവന്‍കോഴിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്.
