പാസീവ് സ്‌മോക്കിങ്ങിന്റെ അപകടത്തേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023ല്‍ ഇന്ത്യയില്‍ 44.4 കോടി ആളുകള്‍ പരോക്ഷ പുകവലിക്ക് അഥവാ പാസീവ് സ്‌മോക്കിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1990-ല്‍ 2,17,700 പേരുടെ മരണത്തിനിടയാക്കിയ പരോക്ഷ പുകവലി 2023 ആയപ്പോള്‍ 3,25,600 മരണങ്ങളിലേക്ക് നയിച്ചു. ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠനം പറയുന്നു. ആഗോളതലത്തില്‍ പതിനാല് വയസ്സുവരെ പ്രായമുള്ള 76.7 കോടി കുട്ടികള്‍ ഉള്‍പ്പെടെ 271 കോടി ജനങ്ങള്‍ 2023-ല്‍ പരോക്ഷ പുകവലിക്ക് ഇരയായിട്ടുണ്ട്. ഇന്ത്യയില്‍ പരോക്ഷ പുകവലിക്ക് ഇരയാകുന്ന ആളുകളുടെ അനുപാതം 1990-ലെ 43.2 ശതമാനത്തില്‍ നിന്ന് 2023 എത്തിയപ്പോള്‍ 30.6 ശതമാനമായി കുറഞ്ഞു. എങ്കിലും ജനസംഖ്യ ഗണ്യമായി വര്‍ധിച്ചതിനാല്‍ പാസീവ് സ്‌മോക്കിങ്ങിന് ഇരയാകുന്നവരുടെ എണ്ണം ഇതേ കാലയളവില്‍ 37.5 കോടിയില്‍ നിന്ന് 44.4 കോടിയായി ഉയര്‍ന്നു. ഇതുമൂലമുള്ള മരണങ്ങള്‍ 2,17,700 ല്‍ നിന്ന് 3,25,600 ആയി വര്‍ധിച്ചു. സ്ത്രീകളില്‍ 1,13,400 ല്‍ നിന്ന് 1,56,900 ആയി ഉയര്‍ന്നപ്പോള്‍ പുരുഷന്മാരിലെ മരണം 1,04,300 ല്‍ നിന്ന് 1,68,700 ആയി വര്‍ധിച്ചു. പരോക്ഷ പുകവലി ഹൃദ്രോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. പുകയിലയുടെ പ്രത്യാഘാതങ്ങള്‍ പുകവലിക്കുന്നവരില്‍ മാത്രം ഒതുങ്ങുന്നില്ലെന്നു വ്യക്തമാക്കുകയാണ് പഠനം.
