തമന്ന ഭാട്ടിയയും സിദ്ധാര്ത്ഥ് മല്ഹോത്രയും പ്രധാന വേഷങ്ങളില് എത്തുന്ന പുതിയ ചിത്രമാണ് ‘ദ വാന്’. ചിത്രത്തിലെ ‘ഛാഠി മയ്യ’ എന്ന ഗാനം പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില് എട്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. ബിഹാര്, കിഴക്കന് ഉത്തര്പ്രദേശ്, ജാര്ഖണ്ഡ്, നേപ്പാളിന്റെ തെക്കന് പ്രദേശങ്ങള് എന്നിവിടങ്ങളില് ആഘോഷിക്കുന്ന ഛാഠ് പൂജയുടെ ചടങ്ങുകളാണ് ഗാനരംഗത്തിലുള്ളത്. ഭക്തിയിലൂടെയും വിശ്വാസത്തിലൂടെയും തലമുറകളെയും കുടുംബങ്ങളെയും സമുദായങ്ങളെയും തമ്മില് ബന്ധിപ്പിക്കുന്ന ഒരു വലിയ വികാരമാണ് ഛാഠ് ആഘോഷം. മൂന്ന് രാത്രികളും നാല് പകലുകളും നീണ്ടുനില്ക്കുന്നതാണ് ഈ ഉത്സവത്തിന്റെ ആചാരങ്ങള്. വിശാല് മിശ്രയാണ് സംഗീത സംവിധാനം. മനുഷ്യലോകത്തിന് അപ്പുറമുള്ള ഇരുണ്ട അമാനുഷിക ശക്തികളോട് പോരാടാന് നിര്ബന്ധിതനാകുന്ന ഒരു നായകന്റെ കഥയാണ് ‘ദ വാന്’ പറയുന്നത്. ചിത്രം സെപ്റ്റംബര് 25-ന് റിലീസ് ചെയ്യും.
