പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പിരിച്ചുവിട്ട് വിജ്ഞാപനം ഇറക്കാത്ത മോദി സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിക്കുന്നു. സമ്മേളനം പുനരാരംഭിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് നിലപാട് തേടി. നവരാത്രിക്ക് മുന്‍പ് സമ്മേളനം വിളിച്ചുചേര്‍ത്ത് വിവാദമായ മണ്ഡല പുനര്‍ നിര്‍ണയ ബില്ല് കൊണ്ടുവരാനാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജന്, വി ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി. തോമസ് ഐസക്, ടി.പി.രാമകൃഷ്ണന് എന്നിവരെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ചെങ്കടലായി കോഴിക്കോട് കടപ്പുറം. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കു സമാപനം കുറിച്ചുകൊണ്ടുള്ള ബീച്ചിലേക്കുള്ള റാലിയില്‍ ചെങ്കൊടികളുമായി അനേകായിരങ്ങള്‍. കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തില്‍ സമാപന സമ്മേളനത്തോടെയാണു സമ്മേളനം സമാപിക്കുന്നത്.
അടുത്ത മാസം മുതല്‍ ഡിസംബര്‍ വരെ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ചു. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. തിങ്കളാഴ്ച മുതല്‍ 300 മെഗാവാട്ട് അധിക വൈദ്യുതി ഉറപ്പുവരുത്തി കെഎസ്ഇബി. എന്‍ടിപിസി വഴി ലഭ്യമാകുന്ന 150 മെഗാവാട്ട് വൈദ്യുതിക്ക് പുറമേ ഒഡീഷയിലെ പൊതുമേഖലാ കമ്പനിയായ ഗ്രിഡ്കോയില്‍ നിന്ന് 150 മെഗാവാട്ട് കൂടി ലഭ്യമാക്കാനാണു ധാരണ.
എന്‍ടിപിസിയില്‍ നിന്ന് യൂണിറ്റിന് 30 രൂപക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നല്കി വൈദ്യുതി വാങ്ങിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും. മന്ത്രിസഭയുടെ അനുമതിയും വേണം. മന്ത്രി പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് സംഘം കോഴിക്കോടെത്തി മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തു. 50 പവനിലേറെ സ്വര്‍ണവും പണവും ഉണ്ടായിരുന്ന ബാങ്ക് ലോക്കര്‍ സീല്‍ ചെയ്തു. ലോക്കറിലെ സ്വര്‍ണം സഹോദരിയുടേതാണെന്നാണ് മൊഴി നല്‍കിയത്. പൊലീസ് കേസെടുക്കുന്നതു കാത്തിരിക്കാതെ ഇഡി സ്വന്തം നിലയില്‍ അന്വേഷണവുമായി മുന്നോട്ടു പോകുകയാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഇഡി നടപടി.
പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലുമായി മുന്നോട്ടു പോകുമെന്ന് ക്രൈംബ്രാഞ്ച്. മൊഴി നല്കാന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂവെന്ന് പിഎസ്സി അംഗങ്ങള്‍ക്ക് ഐജി അജിത ബീഗം കത്ത് നല്‍കും. പിഎസ്സി കമ്മീഷന് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ചട്ടത്തില്‍ പ്രത്യേക പരിഗണനയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പിഎസ്സി അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ അജ്ഞാതന്‍ ഫ്യൂസ് ഊരിയ സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെ വി ഫീഡര്‍ സ്വിച്ച് ആരോ തുറന്നു വിട്ടതുമൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട് പോയിരുന്നു. നേരത്തെ കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ ചിലര്‍ ബോധപൂര്‍വം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരേ നടപടിയെടുക്കുന്ന എന്‍ഫോഴ്സ്മെന്റിനെതിരെ പ്രമേയവുമായി കോഴിക്കോട്ട് ചേര്‍ന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗം. പി.കെ ബിജു അവതരിപ്പിച്ച പ്രമേയം വിശാല സമിതി ഏകകണ്ഠമായി അംഗീകരിച്ചു.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന അഗസ്റ്റിന് സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ ആറുമാസത്തില്‍ പൂര്‍ത്തിയാക്കാന്‍ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന് ജോസ് കുട്ടി അഗസ്റ്റിന് എന്നിവര്‍ നല്കിയ ഹര്‍ജിയാണു കോടതി തള്ളിയത്.
കലൂര്‍ സ്റ്റേഡിയം ഭൂമി കൊച്ചി സെന്റ് ആല്‍ബര്‍ട്ട് കോളേജിന് പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വിജിലന്‍സിന് പരാതി. മുന്‍ മന്ത്രിമാരായ പി രാജീവ്, കെ രാജന്, ആര് ബിന്ദു എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് 20 മിനിറ്റ് മുമ്പാണ് മുന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ബേപ്പൂരിലെ വികസനത്തിനു രൂപീകരിച്ച നമ്മള് ബേപ്പൂര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടിനെന്ന രീതിയില്‍ പ്രചരിപ്പിച്ചതെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. ഭാവിയില്‍ ബിസിനസ് ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തിയ കുറിപ്പാണ് റെഡ് ബുക്ക് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്നും, ഹവാല ഇടപാടെന്ന് വീണ കുറ്റസമ്മതം നടത്തിയെന്നത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ചോദിക്കുന്ന പണത്തിന്റെ കണക്ക് മുഹമ്മദ് റിയാസ് എംഎല്‍എയും വീണ വിജയനും വെളിപ്പെടുത്തണമെന്ന് മുന്‍മന്ത്രി തോമസ് ഐസക്കിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ഗോപകുമാര്‍ മുകുന്ദന്. വീണയും റിയാസും കാര്യങ്ങള്‍ പറയാതെ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വീണ ട്രാന്‍സ്ഫര്‍ ചെയ്ത 85 ലക്ഷം രൂപയുടെ ഇടപാട് എന്താണെന്നും ഗോപകുമാര്‍ ചോദിച്ചു.
സിഎംആര്‍എല്‍ കേസില്‍ നിലവില്‍ പുറത്തുവന്ന തുക മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. കള്ളപ്പണമായി വിദേശത്തേക്കു കടത്തിയ 20 കോടി രൂപ എവിടെനിന്ന് വന്നെന്ന് മുന്‍ മന്ത്രി പി. എ. മുഹമ്മദ് റിയാസ് വെളിപ്പെടുത്തണം. റെഡ് ബുക്കില്‍ ഭാവി പരിപാടികള്‍ എഴുതിയെന്ന് സമ്മതിച്ചിട്ടുണ്ട്. സിപിഎം വിശാല സമിതി റിയാസിനെയും പിണറായി വിജയനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
പാലാ നഗരസഭയില്‍ നാളെ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ്. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. വൈസ് ചെയര്മാന് സ്ഥാനത്തിനായി യുഡിഎഫ് വിമതര്‍ക്കിടയില്‍ ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍ എന്നിവര്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്.
മലപ്പുറം പടിക്കല്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇ.കെ, എപി വിഭാഗം നേതാക്കള്‍ ഒരുമിച്ചു പങ്കെടുത്തു. പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സാദിഖലി തങ്ങളും എ പി അബൂബക്കര്‍ മുസ്ലിയാരും ഒരുമിച്ചായിരുന്നു. സമസ്താ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങളും കാന്തപുരത്തിനൊപ്പം വേദി പങ്കിട്ടു.
റേഷന്‍ അരി ശേഖരിച്ച് ബ്രാന്‍ഡ് കവറിലാക്കി വില്പന നടത്തുന്നത് അധികൃതര്‍ കണ്ടെത്തി. ചാക്കു കണക്കിന് അരിയും ഗോതമ്പും പിടിച്ചെടുത്തു. പാറശാല കാരാളിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ റേഷന്‍ അരി ചാക്കുകള്‍ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
പ്രമുഖ കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ മോഷണം. പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ ഇലക്ട്രിക് ബോര്‍ഡിലേക്ക് കണക്ട് ചെയ്ത വയറുകളാണ് മോഷണം പോയത്.
പയ്യാമ്പലത്തു വ്യാജ രേഖ നല്കി കെട്ടിട നമ്പര്‍ നേടിയ സംഭവത്തില്‍ നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നു കോര്‍പറേഷന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. തീരദേശ പരിപാലന നിയമം ഉള്‍പ്പെടെ ലംഘിച്ചാണ് കെട്ടിടം പണിതതെന്നു കണ്ടെത്തി.
തിരുവനന്തപുരം ചട്ടിപ്പറമ്പ് മലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന ടൂവീലര്‍ വര്‍ക്ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ പണിക്കായി നിര്‍ത്തിയിട്ടിരുന്ന ആറ് വാഹനങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. മൂന്ന് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍, രണ്ട് മറ്റ് മോട്ടോര്‍സൈക്കിളുകള്‍, ഒരു സ്കൂട്ടര്‍ എന്നിവയാണ് കത്തിനശിച്ചത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
യു.പി.ഐ വഴി നടത്തുന്ന ‘പേഴ്സണ്‍ ടു മെര്‍ച്ചന്റ്’ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും. ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് മാത്രമാണ് ചാര്‍ജ് ഈടാക്കുക.
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അമേരിക്കന്‍ പേയ്മെന്റ് കോര്‍പ്പറേഷനുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പറേറ്റുകള്‍ക്കു കീഴടങ്ങിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ വിപുലമായ ചര്‍ച്ച വേണമെന്ന നിലപാടില്‍ തെലുഗുദേശം പാര്‍ട്ടി. ഈ വിഷയത്തില്‍ നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിര്‍ദ്ദേശം ആലോചിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും ടിഡിപി വ്യക്തമാക്കി.
ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന് വൈറല്‍ പനിമൂലം പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ സി എന്‍ അണ്ണാദുരൈയുടെ 118-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ സ്റ്റാലിന് പങ്കെടുക്കാനായില്ല. ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡിഎംകെയുടെ വാര്‍ഷിക സമ്മേളനമായ ‘മൂപ്പെരും വിഴ’ മാറ്റിവെച്ചതായി ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന് അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിര്‍മ്മിച്ചു പ്രചരിപ്പിച്ച സംഭവത്തില്‍ 28കാരന് അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ ശ്യാബു ഖാന് ആണ് പിടിയിലായത്.
പാകിസ്ഥാനില്‍ നിന്നെത്തിയ 362 ടണ്‍ ഈന്തപ്പഴം പിടികൂടി. യു എ ഇയില്‍ നിന്നെന്ന വ്യാജേന മുംബൈയില്‍ എത്തിച്ച ഈത്തപ്പഴമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയിലൂടെ പിടികൂടിയത്.
കര്‍ണാടകയിലെ ബെലഗാവിയില്‍ പഴയ വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജ നാണയ നിര്‍മാണ സംഘത്തിന് ഹരിയാനയിലെ സോനിപത്തില്‍ നിര്‍മാണ കേന്ദ്രമുണ്ടെന്നും അവിടെ റെയ്ഡ് നടന്നുവെന്നും യുപി പോലീസ്. എന്നാല്‍, അങ്ങനെയൊരു വിവരമില്ലെന്ന് സോനിപത് പൊലീസ്.
നായകളില്‍ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂര്‍ണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കന്‍ രാജ്യമായി ചിലിയെ ലോക ആരോഗ്യ സംഘടന അംഗീകരിച്ചു. പൊതുജനാരോഗ്യ പ്രതിരോധ പരിപാടികളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും ഫലമായാണ് ചിലി ഈ ചരിത്രനേട്ടം കൈവരിച്ചത്.
ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളാണെന്നാണ് അവകാശവാദം. യുഎസ് എയര്‍ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് ആണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
ഒക്ടോബറില്‍ നടക്കുന്ന പുരുഷവിഭാഗം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന് ടീം ഇന്ത്യയിലെത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. കായിക ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന് പങ്കെടുക്കുന്നതിന് തടസമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. അവസാന നിമിഷം പാക്കിസ്ഥാന് പിന്മാറുകയാണെങ്കില് ഒമാന്‍, ബംഗ്ലാദേശ് ടീമുകളിലൊന്ന് പങ്കെടുക്കും.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാന് ടെസ്റ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം.
ചില്ലറവില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലായിലെ 4.45 ശതമാനത്തില്‍നിന്ന് ഓഗസ്റ്റില്‍ 4.82 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലിത് ജൂലായിലെ 4.84 ശതമാനത്തില്‍നിന്ന് 5.23 ശതമാനമായും നഗരമേഖലയിലിത് 3.96 ശതമാനത്തില്‍നിന്ന് 4.31 ശതമാനമായും കൂടി. രാജ്യത്തെ അടിസ്ഥാന പലിശ നിരക്കു നിര്‍ണയിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പരിഗണിക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഭക്ഷ്യോത്പന്ന പണപ്പെരുപ്പം ജൂലായിലെ 5.52 ശതമാനത്തില്‍നിന്ന് 5.95 ശതമാനമായി കൂടി. സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുമായി തെലങ്കാന മുന്നില്‍ തുടരുന്നു. 6.27 ശതമാനം. രണ്ടാമതുള്ള തമിഴ്നാടിനിത് 5.92 ശതമാനമാണ്. മധ്യപ്രദേശ് (5.55 ശതമാനം), ആന്ധ്രപ്രദേശ് (5.53 ശതമാനം), ഒഡിഷ (5.52 ശതമാനം) എന്നിവ തുടര്‍ന്നുള്ള മൂന്നു സ്ഥാനങ്ങളില്‍. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 8.10 ശതമാനം. ആന്ധ്രപ്രദേശ് (8.07 ശതമാനം), തമിഴ്നാട് (7.96 ശതമാനം), കര്‍ണാടക (7.58 ശതമാനം), തെലങ്കാന (7.33 ശതമാനം) എന്നിവയാണ് ഭക്ഷ്യവിലപ്പെരുപ്പം കൂടിയ മറ്റു സംസ്ഥാനങ്ങള്‍.
ലോകത്തെ മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക്കില് 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ഐ.പി.ഒയിലൂടെ നിര്‍മിതബുദ്ധി സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക് 100 ബില്യണ്‍ (10,000 കോടി) ഡോളര്‍ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നീക്കം കമ്പനിയുടെ മൂല്യം ഏകദേശം 2 ട്രില്യണ്‍ ( 2 ലക്ഷം കോടി) ഡോളര്‍ ആയി ഉയര്‍ത്തിയേക്കാം. 10 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനുള്ള എന്‍വിഡിയ നീക്കത്തിന്റെ ഭാഗമായ ചര്‍ച്ചകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. എന്‍വിഡിയ ജി.പിയുകളെ ആന്ത്രോപിക് വന്‍തോതില്‍ ആശ്രയിക്കുന്നതോടൊപ്പം ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. മൈക്രോസോഫ്റ്റും എന്‍വിഡിയയും തമ്മിലും ഇത്തരത്തിലുള്ള പങ്കാളിത്തമുണ്ട്. വിപുലമായ പങ്കാളിത്തത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റിന്റെ എ.ഐ സ്റ്റാര്‍ട്ടപ്പില്‍ 10 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കുമെന്ന് 2025 നവംബറില്‍ എന്‍വിഡിയ വ്യക്തമാക്കിയിരുന്നു.
മലയാളത്തിന്റെ യുവതാരം ഷെയ്ന് നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന് പെരിയസാമിയാണ്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ട ഉടനെ തന്നെ ഷെയ്ന് നിഗം അഭിനയിക്കാനുള്ള സമ്മതം അറിയിക്കുകയും ഡേറ്റ് നല്‍കുകയും ചെയ്തുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ‘ഷെയ്ന്28’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലികമായ പേര്. പ്രശസ്ത തമിഴ് സംവിധായകന് ആറ്റ്ലിയുടെ സംവിധാന സഹായിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ ജഗന് പെരിയസാമി. തമിഴ് സിനിമയിലേക്കുള്ള ഷെയ്നിന്റെ അരങ്ങേറ്റം വാലി മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മദ്രാസ്കാരന്’ എന്ന ചിത്രത്തിലൂടെയായിരുന്നു.
നിമിഷ സജയന്, തമിഴ് നടന് കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍- ഇന്ത്യന്‍ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘വാന്‍ മീര്‍’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചത് കാര്‍ത്തിക് നേതയും ആലപിച്ചത് ശിവവും ആണ്. ഗാനത്തിന് സംഗീതം പകര്‍ന്നത് സാം സി.എസ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്ന ചിത്രം സെപ്റ്റംബര്‍ 17-ന് ആഗോള റിലീസായി പ്രേക്ഷകരിലേക്കെത്തും. രാമേശ്വരത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ‘എന്ന വിലൈ’ കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിര്‍ണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയാണ് പറയുന്നത്. കോടതിമുറിയിലെ നടപടിക്രമങ്ങളും സംഘര്‍ഷഭരിതമായ രംഗങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം.
ഹ്യുണ്ടായി ബയോണ്‍ എന്ന പേരിലായിരിക്കും പുതിയ മിഡ്സൈസ് എസ്യുവി നിരത്തുകളില്‍ എത്തുകയെന്ന് നിര്‍മാതാക്കള്‍. ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നല്‍കുന്നതെന്നാണ് വിവരം. ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മുമ്പ് പുറത്തുവന്നിരുന്നു. ഒരു ബോക്സി എസ്യുവി രൂപത്തേക്കാള്‍ ഒരു ക്രോസ്ഓവര്‍ ഭാവത്തിലാണ് ബയോണ്‍. ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ല്ലൈറ്റിന്റെ ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഹ്യുണ്ടായിയുടെ ഐ30-യുമായി സാമ്യമുള്ള ഡിസൈനായിരിക്കും ഇതിലും നല്‍കുകയെന്നാണ് സൂചന. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിനുകളില്‍ ഈ വാഹനം പ്രതീക്ഷിക്കാം. ആറ് സ്പീഡ് മാനുവല്‍, സി.വി.ടി. ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതിലെ ട്രാന്സ്മിഷന് ഓപ്ഷനുകള്‍. 4.2 മീറ്റര്‍ നീളമുള്ള എസ്യുവിയായിരിക്കും ബയോണ്‍ എന്നാണ് വിലയിരുത്തല്‍.
സ്കൂള്‍ യുവജനോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പിന്റെ യഥാര്‍ത്ഥ ശില്പി ആരാണ്? അതിന്റെ പിന്നിലെ കഥയെന്താണ്? അതില്‍ എത്രമാത്രം സ്വര്‍ണ്ണമുണ്ട്? ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചത്. എന്തിനായിരുന്നു? അതിലെ യഥാര്‍ത്ഥ പ്രതി ആരാണ്? കൊലപാതകികള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്?
സംശയകരമായ പല മരണങ്ങളുടെയും പിന്നിലെ കഥകളെന്താണ്? തുടങ്ങി കേരളത്തിലെ വിവാദമായ പല കേസുകളും അന്വേ ഷിച്ച് തെളിയിച്ച ആര്.കെ. ജയരാജന് എന്ന പൊലിസ് ഓഫീസര്‍ തന്റെ അന്വേഷണാനുഭവങ്ങളുടെ രഹസ്യം വെളിപ്പെടുത്തുന്ന പുസ്തകം. ‘യാദാസ്തു’. ആര്.കെ ജയരാജന്. കറന്റ് ബുക്സ് തൃശൂര്‍.വില 166 രൂപ.
നമ്മള് ഇരിക്കുന്നതിലും ചലിക്കുന്നതിലും ഉറങ്ങുന്നതിലുമുള്ള മാറ്റങ്ങള്‍ വരെ നടുവേദനക്ക് കാരണമാകാം. ചില സമയങ്ങളില്‍ സുഷുമ്ന നാഡിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യക്തികളില്‍ ചിലപ്പോള്‍ വൈകല്യങ്ങള്‍ വരെയുണ്ടാക്കാം. മണിക്കൂറുകളോളം ഒരേയിരപ്പ്, പ്രത്യേകിച്ച് പുറം വളഞ്ഞ്, കഴുത്ത് കുനിഞ്ഞ് ഇരിക്കുന്നത് നടുവിന് പിരിമുറക്കം ഉണ്ടാക്കും. ക്രമേണ ഇത് നട്ടെല്ലിന്റെ പേശികളിലേക്ക് തുളച്ചുകയറുകയും, നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് മൂലം പുറംഭാഗം വലിഞ്ഞു മുറുകുന്നതായും, ക്ഷീണവും, ഡിസ്ക് പ്രോലാപ്സും അനുഭവപ്പെടാം. ഫോണില്‍ മണിക്കൂറുകളോളം കഴുത്ത് വളച്ച് നോക്കുന്നത് നട്ടെല്ലിന് സമ്മര്‍ദമുണ്ടാക്കും. ഉദാസീനമായ ജീവിതശൈലി ബാക്ക് എക്സ്റ്റെന്സറുകള്, കോര്‍ തുടങ്ങിയ നട്ടെല്ലിനെ സ്ഥിരപ്പെടുത്തുന്ന പേശികളെ ദുര്‍ബലപ്പെടുത്തും. ഇത് ഡിസ്ക്കുകളിലും ലിഗമെന്റുകളിലും സമ്മര്‍ദം ഉണ്ടാക്കും. ഇത് വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാകുന്നു. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താന്‍ അരക്കെട്ട് വളയ്ക്കുന്നത് നട്ടെല്ലിന് കടുത്ത സമ്മര്‍ദം ഉണ്ടാക്കുകയും ഡിസ്കിന് പരിക്കേല്‍ക്കുകയോ പെട്ടെന്നുള്ള പേശി സങ്കോചം ഉണ്ടാകുകയോ ചെയ്തേക്കാം. അമിതമായ മൃദുവായ മെത്തയില്‍ കിടക്കുന്നത് നട്ടെല്ലിന് അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തില്‍ പിന്നിലെ പേശികളെ നീട്ടും. ഇത് നടുവേദനയെ വഷളാക്കും. കമിഴ്ന്ന് കിടക്കുന്നത് കഴുത്തിനും പുറംഭാഗത്തിനും അമിതമായി സമ്മര്‍ദം ഉണ്ടാക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.93, പൗണ്ട് – 129.27, യൂറോ – 110.66, സ്വിസ് ഫ്രാങ്ക് – 117.43, ഓസ്ട്രേലിയന്‍ ഡോളര്‍ – 68.36, ബഹറിന്‍ ദിനാര്‍ – 254.74, കുവൈത്ത് ദിനാര്‍ -310.77, ഒമാനി റിയാല്‍ – 249.49, സൗദി റിയാല്‍ – 25.56, യു.എ.ഇ ദിര്‍ഹം – 26.10, ഖത്തര്‍ റിയാല്‍ – 26.25, കനേഡിയന്‍ ഡോളര്‍ – 69.00.
