അനാവശ്യ സ്പാം കോളുകള്‍ക്കും റോബോ കോളുകള്‍ക്കുമെതിരെ നിയമങ്ങള്‍ കര്‍ശനമാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആപ്ലിക്കേഷന്‍-ടു-പേഴ്സണ്‍ വഴിയുള്ള ഓട്ടോമേറ്റഡ് കോളുകള്‍, റോബോട്ട് കോളുകള്‍, കൃത്രിമ ശബ്ദത്തിലുള്ള കോളുകള്‍ എന്നിവയെ ട്രായ് പുതിയ നിയന്ത്രണ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ടെലികോം സേവന ദാതാക്കള്‍ക്ക് മുന്‍കൂട്ടി സത്യവാങ്മൂലം നല്‍കുകയും ഉപയോഗിക്കുന്ന നമ്പറുകള്‍ പ്രഖ്യാപിക്കുകയും വേണം, അല്ലാത്തവ നിയമവിരുദ്ധമായ സന്ദേശങ്ങളായി കണക്കാക്കും. ഇത്തരം കോളുകള്‍ക്ക് മിനിറ്റിന് 0.05 രൂപ വരെ ടെര്‍മിനേഷന്‍ ചാര്‍ജ് ചുമത്തിയിട്ടുണ്ട്. കൂടാതെ, സ്പാമര്‍മാര്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍പ് 10 ദിവസത്തിനുള്ളില്‍ 5 പരാതികള്‍ ആവശ്യമായിരുന്നെങ്കില്‍, ഇപ്പോള്‍ 3 പരാതികള്‍ ലഭിച്ചാല്‍ തന്നെ നടപടി സ്വീകരിക്കും.
