ഉറക്കം കൂടുന്നതും കുറയുന്നതും അകാലവാര്‍ധക്യത്തിനും മരണത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. നേച്ചര്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 37-നും 84-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരുടെ ആരോഗ്യവിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആറുമണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലും എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 40 ശതമാനം കൂടുതലുമാണെന്ന് ഗവേഷകര്‍ പറയുന്നു. ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ കിടന്നുറങ്ങുന്നവരെ അപേക്ഷിച്ചുള്ള വിലയിരുത്തലാണിത്. ഉറക്കം ആറുമണിക്കൂറില്‍ കുറയുന്നതും ഒമ്പതുമണിക്കൂറില്‍ കൂടുകയുമാണെങ്കില്‍ ആരോഗ്യകരമായ ഉറക്കമെന്ന് കണക്കാക്കാനാവില്ല. ഇത്തരം ഉറക്കശീലം ഉള്ളവരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും മെറ്റബോളിക് തകരാറുകള്‍ക്കും സാധ്യത കൂടുതലാണ്. ഉറക്കസംബന്ധമായ തകരാറുകള്‍ ശരീരത്തില്‍ വീക്കമുണ്ടാവാനും കാരണമാകും. രാത്രിയില്‍ ഉറക്കം കുറയുന്നവര്‍ക്കും പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നവര്‍ക്കുമാണ് ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് പഠനം പറയുന്നു. ഉറക്കക്കുറവ് അര്‍ബുദസാധ്യത വര്‍ധിപ്പിക്കും. ഉറക്കക്കുറവുള്ളവരില്‍ കുടലിനെ ബാധിക്കുന്ന അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം അല്ലെങ്കില്‍ അണ്ഡാശയ കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
