മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നികുതി വെട്ടിപ്പും കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതും അന്വേഷണ പരിധിയിലാണ്.
എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അറിയിപ്പ്. വൈകിട്ട് 6 15 നും രാത്രി 12 45 നും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിനാലാണ് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉറപ്പായത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ. നിയമാധികാരിക്കാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരമെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ജാമ്യമില്ല. ആന്റോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. നാളെ പ്രൊഡക്ഷൻ വാറണ്ട് ബത്തേരിയിൽ പരിഗണിക്കുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് നടപടി നേരിട്ട അധ്യാപകന്‍റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ കെ. ഗുരുപ്രസാദ് റായിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പുതിയ വരുമാനമാർഗങ്ങളിലൂടെ കെഎസ്ആർടിസിയെ മികച്ച വളർച്ചയിലേക്ക് നയിക്കാനൊരുങ്ങുകയാണ് സർക്കാർ. ബസുകളുടെ എണ്ണം 10,000 ആക്കി ഉയർത്താനും സ്വകാര്യ വ്യക്തികളിൽ നിന്ന് ബസുകൾ വാടകയ്ക്കെടുക്കാനും പദ്ധതിയുണ്ട്. കൂടാതെ വാട്സാപ്പ്, ഊബർ വഴിയുള്ള ടിക്കറ്റ് ബുക്കിംഗും ചരക്കുനീക്ക സർവീസും ഉടൻ ആരംഭിക്കും.
സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. 22 നികുതിദായകരുടെ 69 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികളുടെ ടേൺഓവർ വെട്ടിപ്പാണ് പ്രഥമദൃഷ്ട്യാ തെളിഞ്ഞത്. കെഎസ്ആർടിസി, മാളുകൾ തുടങ്ങിയ മറ്റ് പാർക്കിംഗ് കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി.
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മാറി നൽകിയെന്ന് പരാതി. കൂടൽ സ്വദേശിനിയായ 16കാരിയാണ് പരാതിയുമായി എത്തിയത്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിക്കാണ് എക്സ് റേ മാറി നൽകിയത്. ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ള് ഷാപ്പുകളോടും ബാറുകളോടും സർക്കാർ രണ്ട് നീതിയാണ് കാണിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ പഴയ കൊലപാതക കേസിൽ അറസ്റ്റിലായി. സ്വന്തം സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനെ തുടർന്ന് മമത കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ട മമതയ്ക്ക് നന്ദിഗ്രാമിലെ ഈ സംഭവവികാസങ്ങൾ കനത്ത തിരിച്ചടിയായി.
വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച വിഷയത്തിൽ പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്ന് വിദേശകാര്യമന്ത്രാലയം.ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങൾ നിർത്തി കരാറുകളും വ്യവസ്ഥകളും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ കുഞ്ഞുങ്ങൾ പിറന്നു. ഇന്ത്യയിൽ ജനിച്ച ചീറ്റ ‘കെജിപി12’ ആണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ, പോജക്ട് ചീറ്റ ആരംഭിച്ച് നാല് വർഷത്തിനിടെ 36 ചീറ്റകൾ ഇന്ത്യയിൽ പിറന്നു.
തൃണമൂൽ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ടതിന് പിന്നാലെ മമത ബാനർജിക്ക് അടുത്ത തിരിച്ചടിയായി നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ നിന്ന് അവരുടെ സ്ഥാനാർത്ഥി പിന്മാറി. അധ്യാപികയായ സഞ്ചിത പ്രധാൻ ഡേയെ ആണ് മമത ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
മുൻകൂർ ടിപ്പും തെറ്റിദ്ധരിപ്പിക്കുന്ന രീതികളും വഴി ഉപഭോക്താക്കളെ ചൂഷണം ചെയ്തതിന് റാപ്പിഡോയ്ക്ക് സിസിപിഎ പത്ത് ലക്ഷം രൂപ പിഴ ചുമത്തി. ഓല, യൂബർ തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്
രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരയിൽ കുറ്റവിമുക്തനാക്കിയ സുരേന്ദർ കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണം 15 ആയി. 56 പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന കോഹത് ജില്ലയിലാണ് സംഭവം.
യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുതിയ കോച്ച് ജോർജ് ജെസ്യൂസ് ഉൾപ്പെടുത്തി. എന്നാൽ പ്ലെയിങ് ഇലവനിൽ റൊണാൾഡോയ്ക്ക് സ്ഥാനം ഉറപ്പില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും അവസരമെന്നും കോച്ച് വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റു. മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പദ്ധതിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.
