ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി വിഡി സതീശൻ. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണെന്നും സതീശൻ പറഞ്ഞു. എന്നാൽ മാപ്പ് പറയലിൽ തീരില്ല എന്ന സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്. തെങ്ങിൻ പൂക്കുല പോലെ ടി.പി ചന്ദ്രശേഖരന്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സി.പി.എം. ടി.പിയെ പോലെ ആർ.എം.പിയെയും ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു.ഡി.എഫ് പ്രതിരോധിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഹരിഹരന്റെ വീട് ആക്രമിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി വിഡി സതീശൻ
