Untitled design 20250112 193040 0000

 

 

 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ. ജില്ലയിൽ നിന്നുള്ള അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.

 

കാലവർഷക്കെടുതിയിൽ ഇതുവരെ 25 പേർ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായി തകർന്നു. 565 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തിയതി മുതൽ ഇന്ന് വൈകീട്ട് 5 മണിവരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്.

 

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (05-08-2026) അവധി നൽകിയത്.

 

പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ കണ്ട മുഖ്യമന്ത്രി റാന്നിയിലെ വ്യാപാരികളുടെ പരാതികളും നേരിട്ട് കേട്ടു. കാർഷിക മേഖലയിലെ നഷ്ടവും വ്യാപാരികളുടെ പ്രശ്നങ്ങളും നാളത്തെ മന്ത്രിസഭായോഗം പ്രത്യേകമായി ചർച്ച ചെയ്യുമെന്നും സഹായം പ്രഖ്യാപിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.

 

സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന പരാമർശത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി സി പി ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്ര്യം വളരെ വലുതാണെന്നും ബസ് ചാർജ് കൊടുക്കാൻ പോലും പലർക്കും സാധിക്കാത്ത സാഹചര്യമുണ്ടെന്നുമാണ് പറഞ്ഞതെന്നാണ് വിശദീകരണം.

 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു. കഴിഞ്ഞദിവസം 9 പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

 

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി കെ രാജൻ. ഹെലിക്കോപ്റ്റർ സ്വകാര്യ ആവശ്യത്തിനാണ് ഉപയോഗിച്ചത് എന്ന് ആരോഗ്യമന്ത്രി പറയുന്നെന്നും ഔദ്യോഗിക ആവശ്യത്തിനാണെന്ന് മുഖ്യമന്ത്രി പറയുന്നത് ഇവർ പരസ്പര ധാരണയിൽ എത്തണം എന്നും കെ രാജൻ പരിഹസിച്ചു.

 

പുറത്ത് പറയാൻ പറ്റാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി നടത്തിയതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഒരു ഔദ്യോഗിക രേഖയിലും മുഖ്യമന്ത്രി ആരേയും കണ്ട വിവരം ഇല്ലെന്നും ​ഗോവിന്ദൻ പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത്. ഓരോരോ കളവ് പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി വെർച്വൽ ക്യൂ വഴി ദർശനം നടത്താം. ഭക്തർക്ക് സുഖ ദർശനത്തിനായി ഒരുക്കിയ വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ ആരംഭിച്ചു. രാവിലെ ഏഴുമുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി.

 

ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി സിയുടെ ദീർഘ ദൂര സർവ്വീസുകൾ. കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഓണക്കാലം പ്രമാണിച്ചുള്ള അധിക സർവ്വീസുകളാണ് ഇത്.

 

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലിസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. എസ്ഒജിയിലെ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്‌റ്റ്യൻ എന്നിവരെയാണ് തിരിച്ചെടുത്തത്. മാവോയിസ്റ്റ് ഫോൺ ചോർത്തൽ വിവരങ്ങൾവരെ ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ.

 

ഫസൽ വധക്കേസില്‍ കാണാതായ തൊണ്ടിമുതൽ തിരിച്ചെത്തിയതിലും അന്വേഷണം. ഫസലിന്റെ രക്തം പുരണ്ട തൂവാല തിരിച്ചുകിട്ടിയതിലാണ് അന്വേഷണം. എറണാകുളം സിജെഎം കോടതി അന്വേഷണം നടത്തണം നടത്തും. സിബിഐ പ്രത്യേക കോടതിയുടെതാണ് നിർദ്ദേശം.

 

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ(27)ആണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

 

മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ സമാജ് വാദി പാർട്ടി(എസ്പി) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉപമുഖ്യമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും രം​ഗത്തെത്തി.

 

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യാന്‍ നാലാഴ്ചക്കുള്ളില്‍ എസ്.ഒ.പി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം. പരാതി പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനം തുടങ്ങണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

 

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരേ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. വിജയ്‍ ഡമ്മി മുഖ്യമന്ത്രിയാണെന്നും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്നുമായിരുന്നു സ്റ്റാലിന്റെ വിമർശനം. കാവേരി നദീജല വിഷയത്തിലെ സർക്കാരിന്റെ പരാജയം മറയ്ക്കാനും ശ്രദ്ധതിരിക്കാനുമാണ് വിജയ് സർക്കാർ ഉദയനിധിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

 

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സന്യാസിമാർ ഉൾപ്പെട്ടിട്ടില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

 

നിർമ്മല സീതാരാമൻ നിക്ഷേപ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പിഐബി സ്ഥിരീകരിച്ചു. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

 

കർണാടകത്തിൽ മന്ത്രിസഭാ വികസനത്തിന് പിന്നാലെ അതൃപ്തിയറിയിച്ച് രാജി ഭീഷണി മുഴക്കിയ എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാർട്ടി ആണ് പ്രധാനമെന്നും രാജിക്കത്ത് മിനിറ്റുകൾക്കകം അം​ഗീകരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് തനിക്കും മന്ത്രിസ്ഥാനങ്ങൾ നിഷേധിച്ചിരുന്ന കാര്യവും ഡി കെ ശിവകുമാർ ചൂണ്ടിക്കാട്ടി.

 

വിദ്യാഭ്യാസവിചക്ഷണനും ‘ഡിവൈ പാട്ടീൽ’​ ​ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ ​ഗവർണറുമായ ഡി.വൈ. പാട്ടീൽ(ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോലാപൂരിലെ വസതിയിലായിരുന്നു അന്ത്യം.

 

അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. അസമിലെ നഗാവ് ജില്ലയിലാണ് സംഭവം. കതിമാറിയിലുള്ള 34 ബറ്റാലിയിൽ ക്യാമ്പിൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ആണ് ആക്രമണം നടന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാൻ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച രാഹുൽ ഗാന്ധി, പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ ആണ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *