രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളര്‍ച്ചാ നിരക്ക് 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വിദേശനാണ്യ നിക്ഷേപത്തിലുണ്ടായ വന്‍ വര്‍ധനവാണ് ഈ നേട്ടത്തിന് പിന്നില്‍. ബാങ്ക് നിക്ഷേപ വളര്‍ച്ച 17.8 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് 31-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് നിക്ഷേപങ്ങളില്‍ 9.5 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 16.4 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.88 ലക്ഷം കോടി രൂപയായിരുന്നു. ഓഗസ്റ്റ് 31-ഓടെ വിദേശനാണ്യ നിക്ഷേപം 12,720 കോടി ഡോളറിലെത്തി (127.2 ബില്യണ്‍). റിസര്‍വ് ബാങ്കിന്റെ ഇളവുകളോടെയുള്ള സ്വാപ്പ് കാലാവധി അവസാനിക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് വന്‍ തോതില്‍ ഫണ്ട് ഒഴുകിയെത്താന്‍ കാരണമായത്. ബാങ്കുകളില്‍ നിക്ഷേപം കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വായ്പാ വിതരണത്തിലും ശക്തമായ വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് വായ്പാ വളര്‍ച്ച 19.1 ശതമാനത്തിലെത്തി.
