എഐ ഉപയോഗം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളില്‍ ഏര്‍പ്പെടാന്‍ പെന്റഗണ്‍ അംഗീകാരം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഗൂഗിള്‍, ഓപ്പണ്‍എഐ, ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്പേസ്എക്സ്, ഒറാക്കിള്‍, എന്‍വിഡിയ, റിഫ്ളക്ഷന്‍ എന്നീ കമ്പനികളുമായാണ് പെന്റഗണ്‍ കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ ആവശ്യങ്ങള്‍ക്കായി എഐ സാങ്കേതികവിദ്യ വിപുലമായി യു.എസ് സൈന്യം ഉപയോഗിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഈ കരാറുകള്‍ എഐ ഫസ്റ്റ് സേന എന്ന നിലയിലുള്ള യുഎസ് സൈന്യത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് പെന്റഗണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതിരോധ വകുപ്പിലുടനീളം എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് പല ജോലികള്‍ക്കും വേണ്ട സമയം മാസങ്ങളില്‍ നിന്ന് ദിവസങ്ങളായി കുറയ്ക്കാന്‍ സഹായിച്ചതായും അധികൃതര്‍ പറയുന്നു.
