ആന്റണി വര്‍ഗീസ് പെപ്പെയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, ടൈറ്റില്‍ പോസ്റ്റര്‍ എന്നിവ പുറത്ത്. ‘തോട്ടം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാര്‍ ആണ്. ഒരു ആക്ഷന്‍ അഡ്വെഞ്ചര്‍ ഡ്രാമ ചിത്രമായാണ് ‘തോട്ടം’ എത്തുക എന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്. കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൂ മെംബേര്‍സ്‌നെയും ‘തോട്ടം’ പരിചയപെടുത്തുന്നുണ്ട്. ‘ദ ഷാഡോസ് സ്ട്രെയ്സ്’, ‘ദ നൈറ്റ് കംസ് ഫോര്‍ അസ്’, ‘ഹെഡ്‌ഷോട്ട്’ തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലര്‍ ചിത്രങ്ങളുടെ ആക്ഷന്‍ ഒരുക്കിയ മുഹമ്മദ് ഇര്‍ഫാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത്. ‘അനിമല്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ‘രാജാറാണി’, ‘കത്തി’, ‘തെരി’ തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാന്‍ ജോര്‍ജ്‌സി.വില്യംസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.
