വിലാപ ഗാനവും മുദ്രാവാക്യം വിളികളുടെയും അകമ്പടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര സെന്റ് ജോർജ് വലിയ പള്ളിയിലെത്തി. കരോട്ട് വള്ളക്കാലിൽ വീട്ടിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം, പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ പൊതു ദർശനവും പൂർത്തിയാക്കിയ ശേഷമാണ് ജന സാഗരത്തിന്റെ അകമ്പടിയോടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിലേക്ക് എത്തിയത്.മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ ആണ്സം സ്കാര ചടങ്ങുകൾ. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പള്ളിയിലും കാത്തുനിൽക്കുന്നത്. കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, എകെ ആന്റണി, വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തിച്ചേര്ന്നിട്ടുണ്ട്.
ജനനായകന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ
