‘ബറേലി കി ബര്‍ഫി’, ‘നില്‍ ബത്തേയ് സന്നാട്ട’ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യര്‍ തിവാരിയുടെ പുതിയ പ്രൈം വിഡിയോ ചിത്രം ‘സിസ്റ്റമിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത ‘നില്‍ ബത്തേയ് സന്നാത’ മലയാളത്തില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു. മെയ് 22 മുതല്‍ ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയില്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും. സൊനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പ്രീതി അഗര്‍വാള്‍, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയന്‍ദീപ് ഗുപ്ത എന്നിവര്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
