രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സും പ്രധാന ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റും തമ്മിലുള്ള തര്‍ക്കം ശക്തമായ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. എന്‍. ചന്ദ്രശേഖരനെ ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചതും കമ്പനിയുടെ പബ്ലിക് ലിസ്റ്റിംഗ് സംബന്ധിച്ച ഭിന്നതകളുമാണ് തര്‍ക്കം രൂക്ഷമാക്കിയത്. ഇരുപക്ഷത്തുമായി രാജ്യത്തെ മുന്‍നിര അഭിഭാഷകരും പ്രമുഖ നിയമ സ്ഥാപനങ്ങളും അണിനിരന്നതോടെ ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്ന നിയമയുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. സെപ്റ്റംബര്‍ 17-ന് ചേര്‍ന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ എന്‍. ചന്ദ്രശേഖരനെ അഞ്ച് വര്‍ഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിക്കാന്‍ 4-1 എന്ന വോട്ടിന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് ടാറ്റാ ട്രസ്റ്റ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കോടതി കയറുകയായിരുന്നു.
