ഹെവി ഇലക്ട്രിക് ട്രക്ക് വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ മോണ്‍ട്രാ ഇലക്ട്രിക്. 2030-ഓടെ 100 കോടി ഡോളര്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ 70 ശതമാനത്തോളം ഹെവി – ലൈറ്റ് ഇലക്ട്രിക് ട്രക്കുകളില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 മുതല്‍ 3.5 ടണ്‍ വരെയുള്ള ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ നിന്ന് 23-25 ശതമാനം വരെ വരുമാനം പ്രതീക്ഷിക്കുന്നു. മുച്ചക്ര വാഹനങ്ങളില്‍ നിന്ന് ഏകദേശം 20 ശതമാനവും ട്രാക്ടറുകളില്‍ നിന്ന് 7-10 ശതമാനവും വരുമാനം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. ഹെവി കൊമേഴ്സ്യല്‍ വാഹന വിഭാഗത്തില്‍ ഇ-ട്രക്കുകളുടെ വ്യാപനം നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. ഇലക്ട്രിക് മൂന്ന്ചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ എന്നിവയടക്കം നിര്‍മ്മിക്കുന്ന മോണ്‍ട്രായുടെ ഏകദേശം 21,000 വാഹനങ്ങള്‍ നിലവില്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി 740 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
