Your paragraph text 12

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷമെന്ന് വിവരം. 5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് മാത്രം 15,000 ആണ്. സ്പോട്ട് ബുക്കിംഗ് കൂടിയാകുമ്പോൾ 17,000ത്തിലധികം ആളുകൾ ദർശനത്തിന് എത്തും.അരവണ പ്ലാന്റിൽ അറ്റകുറ്റപണി നടക്കുന്നത് മൂലമാണ് ഉത്പാദനം നിർത്തിയത്.

‎കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

‎തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

‎ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.

‎ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു


‎ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ തന്റെ മനസ്സിൽ പതിഞ്ഞവയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ഇതുപോലെ മാറ്റിയെടുക്കാൻ കാരണം നവോഥാന നായകരാണ് എന്ന് വിശ്വസിക്കുന്ന ശ്രീനാരായണീയനാണ് താനെന്നും, ഗുരുദേവദർശനം ഉൾക്കൊണ്ടുള്ള തീരുമാനങ്ങളായിരിക്കും സർക്കാർ എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‎വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരിൽ മന്ത്രി കെഎം ഷാജിയെ വിമർശിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സർക്കാർ വാഹനം ഉപയോഗിക്കാതെ മന്ത്രി സർക്കാരിന്റെ പൈസ ലാഭിക്കുകയാണ്. സൗജന്യമല്ല സൗകര്യമാണ് അത്. സൗജന്യവും സൗകര്യവും രണ്ടും രണ്ടാണെന്ന് മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർ‌ത്തു.

‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും, കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നും നിയമോപദേശം.

‎പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും സിപിഎം നേതാവ് വി ശിവൻകുട്ടി. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

‎പ്രതിപക്ഷം പോയത് പോലെയല്ല, ഞങ്ങൾ പോയതെന്നും യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒ ജെ ജനീഷ്. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണ്. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു.

‎കേരള സർവകലാശാലയിൽ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കില്ല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാനായി വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും.   അതേസമയം വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സർവകലാശാലയുടെ മാർഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണെന്നും സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് വ്യക്തമാക്കി.


‎തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം നടന്നതായി ഉയർന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.  വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിട നികുതി സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വി. വി. രാജേഷ് ആരോപിച്ചു.

‎സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നത് തനിക്ക് ബന്ധമില്ലാത്ത ആരോപണമാണെന്ന് മുൻ റാന്നി എം എൽ എ പ്രമോദ് നാരായൺ. ഇന്നുവരെ ജീവിതത്തിൽ ശുദ്ധി കാത്തുസൂക്ഷിച്ചു പോകുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

‎അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു.

‎എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനമെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിനാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് ആരോപണം.

‎ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തട്ടിയെടുത്തെന്ന് പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനാണ്  അയൽവാസിയായ ദാമോദരനിൽ നിന്ന് പണം വാങ്ങിയത്.

‎തൃശൂർ നഗരത്തിൽ വൻ കവർച്ച. കൂർക്കഞ്ചേരിയിലെ ഹസൻ അലിയുടെ വീട്ടിൽ നിന്നും 55 പവൻ സ്വർണവും, ബാങ്ക് വായ്പയടക്കാൻ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും കവർന്നു. മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.

‎നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്.


‎കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന് ബൈക്കപടകത്തില്‍ ദാരുണാന്ത്യം. കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപത്തുണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശി റിജോണ്‍ ജോസ് മരണപ്പെട്ടത്. സഹതാരം ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണ്.

‎തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹർജി നൽകി. നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

‎യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. അദ്ദേഹത്തിന്‍റെ വേർപാടിൽ അനുശോചിച്ച് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

‎ഗൂഗിളിന്റെ ജെമിനി എഐ മോഡൽ സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ മൂന്ന് യഥാർഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് കടന്നതായി ഗൂഗിൾ സ്ഥിരീകരിച്ചു. എന്നാൽ താൻ യഥാർഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്കാണ് പ്രവേശിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ജെമിനി സ്വയം ഹാക്കിംഗ് അവസാനിപ്പിച്ച് പിന്മാറിയെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

‎മൈക്രോസോഫ്റ്റ് കമ്പനിയുടെ കീഴിലുള്ള കൃത്രിമ ബുദ്ധി സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ചുള്ള പെരുമാറ്റച്ചട്ടത്തിന്റെ കരട് മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാനാണ് പുതിയ നീക്കം പ്രഖ്യാപിച്ചത്.

‎സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക.


‎സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ സീസണില്‍ റയല്‍ മാഡ്രിഡിന് രണ്ടാം തോല്‍വി.  അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് റയലിനെ തോല്‍പിച്ചു. ആദ്യപകുതിയില്‍ ഇരുടീമും ഗോള്‍ നേടിയില്ല. അന്‍പത്തിരണ്ടാം മിനിറ്റില്‍ ഡീന്‍ ഹൂയ്ജ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ അത്‌ലറ്റിക്കോ രണ്ടുഗോള്‍ ലീഡ് നേടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *