കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് നാടക സംഘാടകൻ കൂടിയായ സി ആർ മഹേഷ് എംഎൽഎ. നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. മലയാംപടി എസ് വളവിൽ വെച്ച് മിനി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 14 പേരാണ് ഈ സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതമാണ് അടിയന്തിര സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
നാടക സംഘാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് എംഎൽഎ
