ബ്രഹ്മപുരം വിഷയത്തിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ഇന്ന് പ്രസ്താവന നടത്തും. തീപിടിത്തത്തിന്റെ കാരണം, സർക്കാർ സ്വീകരിച്ച നടപടികൾ , ഇനി സ്വീകരിക്കാനിരിക്കുന്ന പരിഹാരങ്ങൾ തുടങ്ങിയവ വിശദീകരിക്കും.ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സർക്കാർ എന്തെങ്കിലും തരത്തിൽ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം.മാലിന്യ സംസ്കരണത്തിനുള്ള തുടർ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ചു വിഷയത്തിൽ പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും മേഖലയിൽ ജാഗ്രത തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും വീണ്ടും പുക ഉയരാമെന്നാണ് വിദഗ്ധോപദേശം. ഫയർ ഫൈറ്റിങ് യൂണിറ്റുകളും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. പുക മാറിനിന്നാൽ വരും ദിവസങ്ങളിൽ അഗ്നിശമന സേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും.ഇതിനിടെ ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉൾക്കൊളളിച്ച് എംപവേർഡ് കമ്മിറ്റി രൂപീകരിച്ചത്.
ബ്രഹ്മപുരം വിഷയത്തിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ഇന്ന് പ്രസ്താവന നടത്തും.
