കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ആലപ്പുഴയിൽ നടന്ന പരിപാടിയിൽ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന സർക്കാർ പ്രഖ്യാപനത്തിലെ കെജിഎംഓഎയുടെ എതിർപ്പിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെജിഎംഓഎക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ.
തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. രാജ്യത്ത് ഇതിന് മുമ്പ് എവിടെയും നടക്കാത്ത സംഭവമാണ് ഉണ്ടായതെന്നും സതീശനെതിരെ കോൺഗ്രസിനകത്ത് ഉയരുന്ന വികാരമാണ് കണ്ടത്, ഇന്ന് ഡിസിസി അംഗമാണ് തടഞ്ഞതെങ്കില്‍ നാളെ ഡിസിസി പ്രസിഡന്‍റാകും തടയുകയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനായി
വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചേന്തി അനിലിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കും.
കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ല മരണകാരണമെന്നും, കഴിഞ്ഞ അഞ്ച് വർഷമായി ആശാലത കടുത്ത നിരാശയിലായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. അപേക്ഷകൾ പൂർണമായും ഓൺലൈനായി സമർപ്പിക്കാനും വേഗത്തിൽ തീർപ്പാക്കാനും പുതിയ സംവിധാനം സഹായിക്കും.
കാന്തപുരം വിഭാഗത്തിനെതിരെ എസ്എഫ്ഐ. സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ക്രിപ്റ്റോ തട്ടിപ്പ് പരാതിയിൽ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസിൽ ആരോപിക്കുന്നത്.
കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കട പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. മറ്റ് ആറ് കടകള്‍ക്ക് നോട്ടീസ് നല്‍കുകയും പരിസരം വൃത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എവറസ്റ്റ്, ലാൽജീ ഗോധു (LG) കായം എന്നിവയുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ച് എഫ്എസ്എസ്എഐ. ലബോറട്ടറി പരിശോധനയിൽ കായത്തിൽ അനുവദനീയമായതിലും കുറഞ്ഞ അളവിൽ ആൽക്കഹോൾ സോള്യൂബിൾ എക്സ്ട്രാക്റ്റും ഉയർന്ന അളവിൽ സ്റ്റാർച്ചും കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ അടുത്ത വിക്ഷേപണത്തിന് മുന്നോടിയായി സ്പേസ് എക്സ് നിർണായക പരീക്ഷണം പൂർത്തിയാക്കി. ഫ്ലൈറ്റ് 14-ന്റെ ഭാഗമായ സൂപ്പർ ഹെവി ബൂസ്റ്ററിലെ 33 എൻജിനുകളും ഒരുമിച്ച് ജ്വലിപ്പിച്ചുള്ള സ്റ്റാറ്റിക് ഫയർ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.
കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റിലെ ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. 33,000 ആരാധകര്‍ക്ക് സംസ്ഥാനത്തിന്റെ കായിക ബജറ്റില്‍ നിന്ന് പണം തിരികെ നല്‍കുമെന്നും, കായിക രംഗം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം. ആളപായമില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിൽ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ചൊല്ലി എൻഡിഎയിൽ ഭിന്നത. വിഷയം ആശങ്ക ഉണർത്തുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും.
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല.
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിൽ നിർത്തി സോഷ്യൽ മീഡിയ. വനിതകൾക്ക് വേണ്ടി വാദിക്കുന്നയാൾ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം. 34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ നിലവിൽ ഒരു വനിത പോലുമില്ല.
ഉത്തർപ്രദേശിലെ ഷാജഹാൻപുർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാർ കൈക്കൂലിപ്പണം തുല്യമായി വീതംവയ്ക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വൈറലായി. ഈ സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
ദില്ലിയിൽ എച്ച്1എൻ1 കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ചെറിയ കുട്ടികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് രോഗം സങ്കീർണ്ണമാകാൻ സാധ്യതയുള്ളതിനാൽ, രോഗം നേരത്തേ തിരിച്ചറിയണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ലഡാക്കിലെ കാർഗിൽ മേഖലയിലുള്ള നൺകുൻ മലനിരകളിൽ 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം. ട്രക്കിങിനിടെ പരിക്കേറ്റയാളെ എയർലിഫ്റ്റ് ചെയ്യാൻ ദുർഘടമായ കുത്തനെയുള്ള മഞ്ഞുമലയിൽ ഹെലികോപ്റ്റർ ഇറക്കി പൈലറ്റുമാർ രക്ഷാപ്രവർത്തനം നടത്തി.
കിരീടവിജയങ്ങള്‍ നേടുന്ന ടീമിലെ കളിക്കാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ ചുരുങ്ങിപ്പോവുകയാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ഹൊസോ മൗറീഞ്ഞോ. ചരിത്രത്തില്‍ ഇടം നേടിയ താരങ്ങള്‍ക്കായിരിക്കണം ഇത്തരം പുരസ്‌കാരങ്ങള്‍ ഉറപ്പുവരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
