കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ എർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിരോധനം തുടരും. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങൾക്ക് അനുവാദം നൽകുകയുള്ളൂ. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു
