കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മോഹന ചന്ദ്രന് സസ്‌പെൻഷൻ. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ. കഴിഞ്ഞ മാസം 22 ന് ക്ഷേത്ര ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പണം അപഹരിച്ചെന്നാണ് പരാതി. കാസർഗോഡ് അസിസ്റ്റന്‍റ് കമ്മീഷണർക്കായിരുന്നു അന്വേഷണ ചുമതല. ക്ഷേത്രത്തിലേക്ക് പൊതുജനം നൽകുന്ന പണം സത്യസന്ധമായി കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥൻ തന്നെ ക്ഷേത്രത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുവെന്നും മോഹന ചന്ദ്രനെതിരെ നടപടിക്കും പാരമ്പര്യ ട്രസ്റ്റി ശുപാർശ ചെയ്തു. ഇതോടെയാണ് സസ്പെൻഡ് ചെയ്ത മലബാർ ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ
