കാസർകോട് പാലായിയിൽ പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പരാതികളിലായി രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തു. സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകൾ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും അയൽവാസി ലളിത നൽകിയ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോൾ ഭീഷണി ഉണ്ടായെന്നും, സിപിഎമ്മിന്‍റെ വിലക്കെന്നുമായിരുന്നു പരാതി. എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.
