കേരളം സപ്തതിയുടെ നിറവിലേക്ക്. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ കേരള പിറവി ദിനാശംസകള്‍.
സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. അത്ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം 2012 പോയിന്റ് എന്ന റെക്കോർഡ് പോയിന്റോടെയാണ് അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കിയത്.അതേസമയം, അത്ലറ്റിക്സിൽ മലപ്പുറം ജില്ലയ്ക്ക് തുടർച്ചയായ മൂന്നാം വർഷവും ഹാട്രിക് കിരീടം നേടാനായി. അടുത്ത വർഷത്തെ കായികമേള കൊല്ലത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു.
മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ സി.പി.ഐ.എം രംഗത്ത്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് കുറ്റപ്പെടുത്തി.
മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഇന്നലെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ബിരുദദാന ചടങ്ങ് പോലെ അച്ചടക്കം പാലിക്കേണ്ട ഒരു പരിപാടി അലങ്കോലപ്പെടുത്തിയാണോ വിദ്യാർത്ഥി രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. പരിപാടിയിൽ എങ്ങനെയെങ്കിലും പ്രശ്നം ഉണ്ടാക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് താൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നർ കപ്പലെത്തി. ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് ഇന്ന് ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ചൈനയിലെ നിങ്ബോയിൽ നിന്ന് ബുക്ക് ചെയ്ത കണ്ടെയ്നർ എം.എസ്.സി സബ്രീന III കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്.
നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകളില്‍ വരുത്തിയ വന്‍ വര്‍ധനവ് പ്രവാസി മലയാളി സമൂഹത്തില്‍ വലിയ പ്രയാസവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും ഇടപെടലും ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുല്‍ ആബിദീന്‍.പ്രവാസികളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.
കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയിലും സംഘർഷത്തിലും എംഎസ്എഫിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് സിപിഎം ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വേട്ടയാടുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സിപിഎം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനിടെയുണ്ടായ യു ഡി എസ് എഫ് – എസ് എഫ് ഐ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം എസ് പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സർവകലാശാല പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല.
സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽ പി എസ് ടി ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമരക്കാർ ഒന്നടങ്കം നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരം കൂടുതൽ പ്രക്ഷോഭകരമായി തുടരുമെന്നും അവർ പ്രഖ്യാപിച്ചു.
17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പിണറായി, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും അഭിപ്രായപ്പെട്ടു.ശിക്ഷ ഉറപ്പാക്കാൻ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് പിണറായി ഉറപ്പുനൽകി.
ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകി.
കാലടി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം. സസ്പെൻഷനിലായ വിദ്യാർത്ഥികളെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട സൈറ്റ് ഓപ്പണാക്കി നൽകിയില്ല. നവംബർ നാലിനാണ് പരീക്ഷ. രജിസ്റ്റർ ചെയ്യേണ്ട സൈറ്റ് നേരത്തെ ക്ലോസ് ചെയ്തിരുന്നു.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജവഹർ ബാൽ മഞ്ച് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 25 സംസ്ഥാനങ്ങളിലാണ് ശിശുദിനത്തോട് അനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടാൻ തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. വിഷയത്തിൽ നഗരസഭ സർക്കാരിന് ഔദ്യോഗികമായി കത്തു നൽകും.
പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിൻ്റെ മൊഴി. കോടതിയിൽ കേസുള്ളതിനാൽ പുനർമൂല്യനിർണയം നടത്തിയില്ലെന്നും ബോധപൂർവം ആരെയും സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നൽകി. കേസിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെയും ഹരിയെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
വെണ്ണലയിൽ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹൻ എന്ന വി.എ. മോഹനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സി ബി ഐ കോടതി വെറുതെ വിട്ടു. തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെ ആണ് വിചാരണ കൂടാതെ കോടതി വെറുതെ വിട്ടത്. ഇരുപത് വർഷം പഴക്കമുള്ള കൊലപാതക്കേസിലാണ് പ്രതിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത്.
കിഫ്ബിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബി ധനസഹായം ലഭ്യമാക്കുന്ന ഏജൻസി മാത്രമാണെന്നും കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി ഭൂമി ഏറ്റെടുത്ത് സ്വാഭാവിക തുടർ പ്രക്രിയ മാത്രമാണെന്നും പിണറായി വിജയൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെ എസ് യു നേതാവ് ഫെനി നൈനാനും രംഗത്ത്. പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതീകാത്മക ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ദില്ലി രാജാജിമാർഗിലെ വസതിക്ക് മുന്നിൽ ലോക്സഭയുടേതിന് സമാനമായി തയ്യാറാക്കിയ വേദിയിലാണ് വിചാരണ നടന്നത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂർ, എം എ ബേബി, ഡി രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ ടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, ഐഷി ഘോഷ്, നേഹ ബോറ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ജനകീയ വിചാരണയിൽ പങ്കെടുത്തു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 2024-ൽ 130 മില്യൺ വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ 250 എംപിമാർ പ്രതീകാത്മക ഇംപീച്ച്മെന്റ് നടത്തി. ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന പ്രമേയവും പ്രതിപക്ഷം പാസാക്കി.
നിരോധിത പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിന് മഹാരാഷ്ട്ര എഫ്.ഡി.എ നൽകിയ നോട്ടീസിനെതിരെ നടൻ അജയ് ദേവ്ഗൺ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കാതെ താരങ്ങൾക്ക് മാത്രം നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. വിവാഹവാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഒമർ അബ്ദുള്ള തന്നെയാണ് പങ്കുവെച്ചത്.
പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു. ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജയ് ഗുപ്ത കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് ഹെലികോപ്റ്റർ ജോഷിമഠിന് സമീപം തകർന്നുവീണത്. തുടർച്ചയായ അപകടങ്ങൾ മേഖലയിലെ വ്യോമ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുകയാണ്.
അമേരിക്കൻ ആക്രമണ ഭീഷണികൾക്കിടെ ഏത് നിമിഷവും തിരിച്ചടിക്കാൻ സജ്ജരാകാൻ ഇറാൻ സേനയ്ക്ക് പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർദേശം നൽകി. യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാന്‍സില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തെത്തുടര്‍ന്ന് 3 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡിജിറ്റല്‍ ആസ്തികള്‍ മരവിപ്പിക്കുകയും ബിറ്റ്കോയിന് വില കുത്തനെ ഇടിയുകയും ചെയ്തു.
ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്ന ചിത്രത്തിൻ്റെ കേരള വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടറിൻ്റെ ഉടമസ്ഥതയിലുള്ള ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. ചിത്രം നവംബർ 20 ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.
ജനപ്രിയതാരവും കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയുമായ ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന പുതിയ ചിത്രം ‘രാശി’എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ചിത്രം ഉടനെ പ്രേക്ഷകരിലെത്തും.
സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചു കേരള സ്പോർട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷൻ നൽകുന്ന മികച്ച ആൺ അത് ല റ്റിനുള്ള യു. എച്ച്. സിദ്ധിക്ക് മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും പെൺകുട്ടികളുടെ വിഭാഗത്തിൽ പി. ടി. ബേബി മെമ്മോറിയൽ അവാർഡ് അനാമിക അജേഷിനും. കായികമേളയുടെ മുഖ്യ വേദിയായ എൻഐടി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കായികതാരങ്ങളായ പ്രീജ ശ്രീധരൻ, പി. യു. ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന് ഇരുവർക്കും അവാർഡുകൾ സമ്മാനിച്ചു.
