പരമ്പരകൾക്ക് സെൻസർഷിപ് വേണമെന്നും സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ശ്രീകുമാരൻ തമ്പി. ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്ക് മുമ്പ് പരസ്യപ്പെടുത്തിയ തന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചതെന്നും സ്വന്തമായി പരമ്പര നിർമ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഈ അഭിപ്രായം തുറന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നുവെന്നും താൻ അദ്ദേഹത്തോടു പൂർണ്ണമായും യോജിക്കുന്നുവെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നുവെന്നും തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീരിയലുകൾക്ക് സെന്‍സറിംഗ് വേണമെന്ന് ശ്രീകുമാരൻ തമ്പി
