ചൂര മീന്‍ കഴിക്കുന്നവര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെക്കന്‍ ബ്രസീല്‍ തീരത്ത് നിന്ന് പിടിച്ച സ്കിപ്ജാക് ട്യൂണകളില്‍ 96 ശതമാനത്തിലും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി 2026 ഓഷന്‍ ആന്റ് കോസ്റ്റല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു. വിവിധ മത്സ്യബന്ധന മേഖലകളില്‍ നിന്ന് ശേഖരിച്ച 53 സ്കിപ്ജക് ചൂരകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ നിന്ന് 1,600ലേറെ പാരസൈറ്റുകളെയാണ് കണ്ടെത്തിയത്. പരിശോധിച്ച 10 അവയവങ്ങളില്‍ കിഡ്നിയിലും ഹൃദയത്തിലും ഒഴിച്ച് മീനുകളുടെ എല്ലാ ഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ കഴിക്കാന്‍ ഉപയോഗിക്കുന്ന മാംസഭാഗത്തും പാരസൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഈ പാരസൈറ്റുകള്‍ മനുഷ്യരിലേക്ക് പകരാവുന്നവയാണ്. വയറുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ചിലരില്‍ അലര്‍ജി പ്രതികരണങ്ങളും ഉണ്ടാകാം. ചൂരമീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ വൃത്തിയാക്കുമ്പോള്‍ ആന്തരാവയവങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുകയും മാംസം നന്നായി പാകം ചെയ്യുകയും വേണം. മീന്‍ വാങ്ങുമ്പോള്‍ മാംസത്തിന്റെ നിറത്തിനോ ഘടനയ്ക്കോ മാറ്റങ്ങള്‍ കണ്ടാല്‍ അവ ഒഴിവാക്കുക.
