വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശിതരൂർ എം പി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്തെഴുതി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഈ നിരക്ക് വർദ്ധന ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഡോ. ശശിതരൂർ കത്തിൽ ചൂണ്ടിക്കാട്ടി. സ്ഥലത്തെ പാർലമെൻ്റിലെ സിറ്റിംഗ് അംഗത്തിന്റെ അധ്യക്ഷതയിൽ ഉണ്ടായിരുന്ന വിമാനത്താവള ഉപദേശക സമിതി ഇപ്പോൾ പ്രവർത്തനരഹിതമാണ്. വിമാനത്താവളം നേരിടുന്ന വെല്ലുവിളികളും വികസന സാധ്യതകളും ചർച്ച ചെയ്യാൻ നിലവിൽ ഒരു വേദിയും ഇല്ലാത്ത അവസ്ഥയാണ് എന്നും ഡോ. ശശിതരൂർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കുള്ള യൂസർ ഫീ 506 -ൽ നിന്നും 50 % വർദ്ധിപ്പിച്ച് 770 ആയി ഉയർത്തി. 2025 മാർച്ച് 31 വരെ ഈ നിരക്കായിരിക്കുമെന്നും തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിൽ ഇപ്രകാരം നിരക്കു വർദ്ധന ഉണ്ടാകുമെന്നും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവിൽ പറയുന്നു.
കേന്ദ്രമന്ത്രിക്ക് ശശി തരൂരിന്റെ കത്ത്
