എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് ശശി തരൂര്‍ എംപി. പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മന:പൂര്‍വ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂര്‍ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമര്‍ശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യന്റെ മറുപടി. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്, ഇവിടെ പന്ന്യന്‍ എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യൻ രവീന്ദ്രനുണ്ടായല്ലോ എന്നെല്ലാമുള്ള തരൂരിന്റെ പരാമർശങ്ങളാണ് പന്ന്യനെ വേദനിപ്പിച്ചത്. പ്രചാരണ വേദിയിലെ രാഷ്ട്രീയ വിവാദമായി അത് മാറുകയും തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും പറയാതിരിക്കാനാവില്ലെന്നും ഓക്സ്ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവെന്നും പന്ന്യൻ രവീന്ദ്രനും ചോദിച്ചിരുന്നു. ഒടുവിൽ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയോഗിക്കപ്പെട്ട് തലസ്ഥാനം വിട്ട തരൂര്‍ പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിക്കുകയും,ഒന്നും മനപൂര്‍വ്വമായിരുന്നില്ലെന്നും പന്ന്യനോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും വ്യക്തമാക്കി. ചില വാക്കുകൾ വേദനിപ്പിച്ചെങ്കിലും ദേഷ്യമൊന്നും മനസിലില്ലെന്ന് പന്ന്യൻ വ്യക്തമാക്കിയതോടെ തലസ്ഥാനത്ത് ഇനിയും നേരിട്ട് കാണാമെന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കുകയായിരുന്നു.
പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മന:പൂര്‍വ്വമല്ലെന്ന് ശശി തരൂര്‍
